നിലമ്പൂര്‍ ഏറ്റുമുട്ടല്‍; തണ്ടര്‍ ബോള്‍ട്ടിനെ പ്രശംസിച്ച് ഉമ്മന്‍ചാണ്ടി; വിമര്‍ശിച്ച് എം സ്വരാജ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്

single-img
29 November 2016

ajitha-kuppu-devaraj

കോഴിക്കോട്: നിലമ്പൂരില്‍ മാവോയിസ്റ്റ് വേട്ട നടത്തിയ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളെ പ്രശംസിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. സേനാഗംങ്ങളുടെ ആത്മവീര്യം കെടുന്ന പ്രസ്താവന നടത്തില്ല, സേനയ്ക്ക് തെറ്റ് പറ്റിയോ എന്ന് പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞു.

എന്നാല്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെയും തണ്ടര്‍ബോള്‍ട്ടിനെയും വിമര്‍ശിക്കുന്നതായിരുന്നു എം സ്വരാജ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് കാര്യങ്ങളെക്കുറിച്ച് എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ ആ മൂന്ന് കാര്യങ്ങളും അക്കമിട്ടാണ് പറയുന്നത്.

നിലമ്പൂരിലെ സംഭവം, മാവോയിസം, മോര്‍ഫിംഗ് കലാകാരന്‍മാര്‍ എന്നീ ഉപശീര്‍ഷകങ്ങളിലാണ് സ്വരാജ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. നിലമ്പൂര്‍ സംഭവത്തില്‍ പോലീസിനെ കണ്ണടച്ചു വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് സ്വരാജ് പറയുന്നത്. വര്‍ഗീസിന്റെ അനുഭവം മറക്കാറായിട്ടില്ല. പോലീസ് ഭാഷ്യം സ്വീകരിച്ച് ഫയല്‍ അടച്ച് വെക്കുന്ന സര്‍ക്കാരല്ല ഇപ്പോഴുള്ളത്. മാവോവാദികളെ വെടിവെച്ചു കൊല്ലുക എന്നത് തങ്ങളുടെ നയമല്ല. കൊലപാതകം സിറിയയിലായാലും നിലമ്പൂരിലായാലും എതിര്‍ക്കപ്പെടണം. പോലീസ് പറയുന്നത് ശരിയാണെങ്കില്‍ പോലും മരണം വേദനാജനകമാണെന്നും സ്വരാജ് പറയുന്നു.

അതേസമയം ഇന്നത്തെ മാവോയിസ്റ്റുകള്‍ കുത്തകകളോട് പണം വാങ്ങി അവരുടെ കാവല്‍ക്കാരായി നിലകൊള്ളുന്നവരാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസിനോട് പണം വാങ്ങി സിപിഎം പ്രവര്‍ത്തകരെ കൊന്നുതള്ളുന്നവര്‍ക്ക് മാവോയിസത്തെ കുറിച്ച് പറയാന്‍ അവകാശമില്ല. ഇവര്‍ ജനാധിപത്യപ്രക്രിയയുടെ ഭാഗമാകണമെന്നും സ്വരാജ് ആവശ്യപ്പെടുന്നു.

മോര്‍ഫിംഗ് കലാകാരന്‍മാര്‍ എന്ന തലക്കെട്ടിനു കീഴില്‍ വിടി ബല്‍റാം പിണറായിയുടെ ചിത്രം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റേതുമായി മോര്‍ഫ് ചെയ്തതിനെയാണ് വിമര്‍ശിക്കുന്നത്. ഇതിലൂടെ തന്റെ നിലവാരമാണ് ബല്‍റാം തെളിയിക്കുന്നത്. ബല്‍റാമിന് മറുപടിയുമായി തിരിച്ചും ചില ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സഖാക്കള്‍ക്കെതിരെയും എംഎല്‍എ ആഞ്ഞടിച്ചു. ബല്‍റാമിന്റെ നിലവാരം സഖാക്കള്‍ക്ക് ചേരില്ലെന്നും ഭിന്നലിംഗത്തില്‍ പെട്ട വ്യക്തിയെ മോര്‍ഫിംഗില്‍ ഉള്‍പ്പെടുത്തിയത് ന്യായീകരിക്കാനാകില്ലെന്നും സ്വരാജ് പറയുന്നു.