നോട്ട് നിരോധനത്തിലെ നിലപാട് സഹിക്കാനാകില്ല; ആര്‍എസ്എസ് പ്രചാരകന്‍ പി പത്മകുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നു

single-img
27 November 2016

 

rss

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍എസ്എസ് പ്രചാരകനും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ പി പത്മകുമാര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. ഏറെനാളായി ആര്‍എസ്എസ് നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും നോട്ട് നിരോധന വിഷയത്തിലെ സംഘപരിവാറിന്റെ നിലപാടാണ് തന്നെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനൊപ്പം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് വിവരം പ്രഖ്യാപിച്ചത്. കരമന മേലാന്നൂര്‍ സ്വദേശിയായ പത്മകുമാര്‍ പത്താം വയസ് മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആണ്. ആര്‍എസ്എസ് കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂര്‍ ജില്ലാ പ്രചാരക്, കൊല്ലം ജില്ലാ പ്രചാരക്, കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകള്‍ ചേര്‍ന്ന വിഭാഗ് പ്രചാരക്, തിരുവനന്തപുരം-കൊല്ലം വിഭാഗ് പ്രചാരക്, ശാരീരിക് പ്രമുഖ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയായിരിക്കെ അതിന്റെ സംസ്ഥാന സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരം ജില്ലയില്‍ ബിജെപി മുന്നണിയുടെ മുഖ്യതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍എസ്എസ് നിയോഗിച്ചത് ഇദ്ദേഹത്തെയാണ്.

ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകളും കൊലപാതക രാഷ്ട്രീയവുമാണ് തന്നെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാവായ പത്മകുമാറിനൊപ്പം കൂടുതല്‍ പേര്‍ ആര്‍എസ്എസ് വിട്ട് സിപിഎമ്മില്‍ എത്തിയിട്ടുണ്ടെനന് ആനാവൂര്‍ നാഗപ്പന്‍ അവകാശപ്പെട്ടു. ആര്‍എസ്എസ് ബന്ധം വിച്ഛേദിച്ച 150 പേര്‍ക്ക് വരും ദിവസങ്ങളില്‍ വന്‍ സ്വീകരണം നല്‍കാനാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനം.