പ്രവാസികളുടെ ക്ഷേമപെന്‍ഷന്‍ സര്‍ക്കാരിന്റെ പരിഗണയിലുണ്ടെന്ന് അബ്ദുല്‍ ഖാദര്‍ എംഎല്‍എ; പ്രവാസി കമ്മിഷന്‍ രൂപവല്‍ക്കരണവും പരിഗണനയില്‍

single-img
27 November 2016

 

k-v-abdul-khader-gvr-mla-epathram

അല്‍ ഐന്‍: കേരള സര്‍ക്കാറിന്റെ കീഴിലുള്ള പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളാവുന്നവര്‍ക്ക് പെന്‍ഷന്‍ കുറഞ്ഞത് മൂവായിരം രൂപയായി വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണയിലാണെന്ന് പ്രവാസി കാര്യ നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. പറഞ്ഞു.

അല്‍ ഐന്‍ മലയാളി സമാജം ‘പ്രവാസി പ്രശ്‌നങ്ങളും ക്ഷേമപദ്ധതികളും’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുമ്പോളായായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നോര്‍ക്ക റൂട്ട്‌സ് അംഗത്വവും ക്ഷേമനിധി അംഗത്വവും ഓണ്‍ ലൈനായി ചെയ്യാനുള്ള സൗകര്യവും ഉടനെ തന്നെ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. മുപ്പത് ലക്ഷത്തോളമുള്ള മലയാളി പ്രവാസികളില്‍ ഒന്നര ലക്ഷത്തില്‍ താഴെ മാത്രം പേരെ നോര്‍ക്കയില്‍ അംഗമായിട്ടുള്ളൂ. പ്രവാസി പദ്ധതികളെ ക്കുറിച്ച് പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണമുണ്ടാക്കേണ്ടതിന്റെ ആവശ്യമാണ് ഇത് കാണിക്കുന്നത്. അതിനു എല്ലാ പ്രവാസി സംഘടനകളുടെയും സഹകരണം വേണം.

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും നോര്‍ക്ക സെല്‍ ആരംഭിച്ച് പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രവാസി ക്ഷേമ ബോര്‍ഡില്‍ അംഗത്വമെടുക്കുന്നതിനുള്ള ശുപാര്‍ശ പ്രവാസികാര്യ നിയമസഭാസമിതി സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. വിദേശങ്ങളില്‍ പീഡനങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകളെ സുരക്ഷിതമായി താമസിപ്പിക്കാനുള്ള താമസ സ്ഥലങ്ങള്‍ നല്‍കാനും സമിതി ശുപാര്‍ശ ചെയ്തു. അര്‍ദ്ധ ജുഡീഷ്യല്‍ അധികാരത്തോട് കൂടിയ പ്രവാസി കമ്മിഷന്‍ രൂപവത്കരണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.