നോട്ട് നിരോധനം മൂലം തൊഴില്‍ നഷ്ടമായി; പട്ടിണി മാറ്റാന്‍ ഗ്രാമീണന്‍ വന്ധ്യംകരണത്തിലൂടെ പണം കണ്ടെത്തി

single-img
27 November 2016

puran-sarama

അലിഗഡ്: രാജ്യത്ത് നോട്ട് നിരോധന തീരുമാനത്തിന് പിന്നാലെ ജനങ്ങള്‍ വലഞ്ഞെങ്കിലും ഈ ഗതി മറ്റാര്‍ക്കും ഉണ്ടായിട്ടുണ്ടാവില്ല. നോട്ട് ക്ഷാമം ജീവിതത്തിന് താങ്ങാനാവുന്നതിലും കൂടുതല്‍ ആഘാതമായതോടെ വന്ധ്യംകരണത്തിലൂടെ പണം കണ്ടെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള ഗ്രാമീണന്‍.

നോട്ട് നിരോധനത്തിന് ശേഷം ചെയ്തിരുന്ന കൂലിപ്പണി ലഭിക്കാതെ വന്നതോടെ പട്ടിണിമാറ്റാനായി രണ്ടായിരം രൂപക്ക് വേണ്ടിയാണ് അലിഗഡ് സ്വദേശിയായ പുരണ്‍ ശര്‍മ വന്ധ്യംകരണം നടത്തിയത്. വന്ധ്യംകരണത്തിലൂടെ പട്ടിണി മാറ്റാന്‍ ശ്രമിക്കുന്ന പുരണിന്റെ ദുര്‍ഗ്ഗതി ദേശീയ മാധ്യമമായ എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

നോട്ട് നിരോധനം മൂലം ഒട്ടനവധി കൂലിപ്പണിക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. കേരളത്തിലും മറ്റും ജോലി ചെയ്യാനെത്തിയ പല അന്യ സംസ്ഥാന തൊഴിലാളികളും കയ്യില്‍ പണമില്ലാത്തതിനാല്‍ തിരികെ സ്വന്തം നാട്ടിലേക്ക് പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയുമാണ്. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളൂടേതാണ് കൂടുതല്‍ ദുരിതം.

ദാരിദ്ര്യത്തില്‍ കഴുത്തറ്റം മുങ്ങി നില്‍ക്കുന്നവരായതിനാല്‍ അതത് ദിവസത്തെ വരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന ഇവര്‍ക്ക് പെട്ടെന്നുണ്ടായ ആഘാതം താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. പണമില്ലാതെ വലയുന്ന ഇന്ത്യന്‍ ഗ്രാമീണ ജനതയുടെ നേര്‍ സാക്ഷ്യമാവുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള വാര്‍ത്ത.