നിലവാരമില്ലാത്ത നെറ്റുവര്‍ക്കുകള്‍ക്ക് പിഴ ചുമഴ്ത്തി ട്രായ്; കോള്‍ ഡ്രോപ് പ്രശ്‌നം ആഗോള പ്രതിഭാസമാണെന്നും ടെലികോം മന്ത്രാലയം

single-img
27 November 2016

call-drop

ദില്ലി: രാജ്യത്തെ നെറ്റ്‌വര്‍ക്കുകള്‍ നേരിടുന്ന പ്രധാന പ്രശ്നമായ കോള്‍ ഡ്രോപ് പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. കോള്‍ ഡ്രോപ് പ്രശ്‌നം ആഗോള പ്രതിഭാസമാണെന്നും മന്ത്രാലയം രാജ്യസഭയില്‍ സൂചിപ്പിച്ചു.

അതേസമയം അടിസ്ഥാന നിലവാരം പുലര്‍ത്താത്തതിനെ തുടര്‍ന്ന് നെറ്റ് വര്‍ക്കുകള്‍ക്ക് ട്രായി 11.8 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ 10.42 കോടി രൂപ ട്രായ്ക്ക് ലഭിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

മോശം 2ജി, 3ജി നെറ്റ് വര്‍ക്കിനെ തുടര്‍ന്ന് യഥാക്രമം എയര്‍സെല്ലിന് മൂന്ന് കോടി രൂപയും, 1.56 കോടി രൂപയും ട്രായി പിഴ ചുമത്തിയിരുന്നു. പിന്നാലെ, 2.27 കോടി രൂപയും 70 ലക്ഷം രൂപയും പിഴയായി ബിഎസ്എന്‍എല്ലിനും പിഴ ലഭിച്ചു. അതേസമയം, മോശം 2ജി നെറ്റ് വര്‍ക്കിനെ തുടര്‍ന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് മേല്‍ ട്രായി 1.64 കോടി രൂപയും, ടാറ്റാ ടെലി സര്‍വീസസിന് 89 ലക്ഷം രൂപയും, വോഡഫോണിന് 84 ലക്ഷം രൂപയുമായാണ് പിഴ ചുമത്തിയിട്ടുള്ളത്. മോശം 3ജി നെറ്റ്‌വര്‍ക്കിന്റെ പശ്ചാത്തലത്തില്‍ 2.5 ലക്ഷം രൂപയാണ് പിഴയാണ് വോഡഫോണിന് ലഭിച്ചിട്ടുള്ളത്.

മോശം റേഡിയോ കവറേജ്, റേഡിയോ ഇടപെടലുകള്‍, നിലവിലുള്ള സ്‌പെക്ട്രങ്ങളിലെ ട്രാഫിക്ക്, അടിക്കടി മാറുന്ന സിഗ്നല്‍ ട്രാഫിക്ക് ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ കോള്‍ ഡ്രോപ് പ്രശ്‌നങ്ങള്‍ എല്ലാ നെറ്റ്‌വര്‍ക്കുകളിലും ഉണ്ടാകുമെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു

അതേസമയം, കോള്‍ ഡ്രോപ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരും ടെലികോം റെഗുലേറ്റര്‍ ട്രായിയും സാധ്യമായ എല്ലാ നടപടികളും കണ്ടെത്തി സ്വീകരിച്ച് വരികയാണെന്ന് സിന്‍ഹ വ്യക്തമാക്കി. രാജ്യത്തെ നെറ്റ്‌വര്‍ക്കുകളുടെ നിലവാരം അളക്കാനായി ട്രായി ഇടവേളകളില്‍ രാജ്യത്തുടനീളം നെറ്റ്‌വര്‍ക്ക് പരിശോധന നടത്തി വരുന്നുണ്ടെന്നും മനോജ് സിന്‍ഹ സൂചിപ്പിച്ചു.