ബലാത്സംഗം ചെയ്യുന്നവരെ ലിംഗഛേദം ചെയ്യണമെന്ന് മീര ജാസ്മിന്‍; സൗമ്യ, ജിഷ സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്

single-img
27 November 2016

meera-jasmine

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ പ്രതികരണവുമായി നടി മീര ജാസ്മിന്‍. പത്ത് കല്‍പ്പനകള്‍ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് മീരയുടെ പ്രതികരണം. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയും മീരയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ബലാത്സംഗം ചെയ്യപ്പെടുന്ന ഇര അനുഭവിച്ച വേദന അറിഞ്ഞു തന്നെ വേണം ശിക്ഷ വിധിക്കാനെന്ന് മീര പറഞ്ഞു. ആ വേദന അറിഞ്ഞാല്‍ പിന്നെ ഒരാളും പെണ്ണിനെ ഉപദ്രവിക്കില്ല. സൗമ്യ, ജിഷ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലിംഗഛേദം ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ പ്രതികള്‍ക്ക് നല്‍കണമെന്നും മീര പറഞ്ഞു.

പ്രശസ്ത എഡിറ്റര്‍ ഡോണ്‍ മാക്‌സ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പത്ത് കല്‍പ്പനകള്‍. ചിത്രത്തിലെ നായകന്‍ അനൂപ് മേനോന്‍, നടി ഋതിക തുടങ്ങിയവരും കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം പൊളിച്ചെഴുതേണ്ട സമയമായെന്ന് അനുപ് മേനോന്‍ അഭിപ്രായപ്പെട്ടു. നിരവധി പേരുടെ ജീവിതമാണ് കോടതികളില്‍ ഹോമിക്കപ്പെടുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് സമൂഹ മനസാക്ഷി നല്‍കുന്ന ശിക്ഷയെക്കുറിച്ചാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നതെന്നും അനൂപ് പറഞ്ഞു. തന്റെ മകളെ കൊന്നവന്റെ മരണശിക്ഷ കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. നിയമത്തിന് അവനെ കൊല്ലാന്‍ കഴിയില്ലെങ്കില്‍ തനിക്ക് വിട്ടു തരണം. പൊതുജനത്തെ ഉപയോഗിച്ച് അവന് ശിക്ഷ നല്‍കാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.