ആയിരം രൂപ നോട്ട് കരയുമ്പോള്‍ ഇവിടെ ഒരു രൂപ നോട്ട് ചിരിക്കുന്നു; ഒരു രൂപ നോട്ടിന് നൂറാം പിറന്നാള്‍

single-img
27 November 2016

 

one-rupee
ഒരര്‍ദ്ധരാത്രിയുടെ ആഴത്തില്‍ അനാഥമായ നോട്ടുകള്‍ക്ക് മുന്‍പില്‍ അവരുടെ കുഞ്ഞനുജന്‍ ഒരു രൂപ നോട്ട് ഇന്ന് ഒരു ചരിത്രത്തെ ഓര്‍മിപ്പിക്കുന്നു.
ഒരു രൂപയുടെ നൂറാം പിറന്നാള്‍ അടുത്തുകൊണ്ടിരിക്കുന്നു. അസാധുവായ പഴയ അഞ്ഞൂറ് രൂപ നോട്ടിനെയും ആയിരം രൂപ നോട്ടിനെയും നോക്കി നിഷ്‌കളങ്കതയോടെ ചിരിക്കുന്ന ഒരു കുഞ്ഞു നോട്ടിന്റെ 100-ാം ജന്മദിനമാണ് നവംബര്‍ 30ന്. 1917 നവംബര്‍ 30ന് അച്ചടിച്ച ഒരു രൂപയാണ് ഇന്ന് അഞ്ഞൂറിനേക്കാളും കേമന്‍. ഒരര്‍ദ്ധ രാത്രി പുലര്‍ന്നപ്പോള്‍ അഞ്ഞൂറും ആയിരവും പാപ്പരായി. ആര്‍ക്കും വേണ്ടാതെയിരുന്ന ഒരു രൂപ നോട്ട് പലര്‍ക്കും പ്രിയപ്പെട്ടതുമായി. ഒരു രൂപയുടെ ചിരിയില്‍ ഒരു നൂറ് പൂക്കളുടെ നൈര്‍മല്യമുണ്ട്

ഒന്നു തിരിഞ്ഞു നോക്കാം ആ കുഞ്ഞന്റെ ചരിത്രം

അന്നത്തെ ഒരു രൂപയുടെ ഇന്നത്തെ മൂല്യം ഏതാണ്ട് 1050 രൂപയോളം വരും. സത്യത്തില്‍ ഇപ്പോഴത്തെ സ്റ്റാര്‍ ഒരു രൂപ തന്നെയാണ്. ഒന്നാം ലോക മഹായുദ്ധകാലത്താണ് ഒരു രൂപ നോട്ട് പിറന്നത്. ചെറിയ മൂല്യത്തിലുള്ള നോട്ടുകളുടെ ആവശ്യകത മനസ്സിലാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ അച്ചടിക്കുകയായിരുന്നു. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ പേരിലിറങ്ങിയ നോട്ടില്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ അര്‍ദ്ധകായ ചിത്രമാണ് ഉണ്ടായിരുന്നത്. ഇംഗ്ലീഷ് കൂടാതെ എട്ടു ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിരുന്നു. പിന്നീട് പുതിയ രൂപത്തില്‍ ഒരു രൂപ ഇറക്കിയത് 1940ല്‍ ആണ്. 1935 ഏപ്രില്‍ ഒന്നിന് റിസര്‍വ് ബാങ്കി ഓഫ് ഇന്ത്യ നിലവില്‍ വന്ന് അഞ്ച് വര്‍ഷം കഴിഞ്ഞ് രണ്ടാം ലോക മഹായുദ്ധകാലത്താണ് ഇവ അച്ചടിച്ചത്. നോട്ടിലെ തല ജോര്‍ജ് ആറാമന്‍ രാജാവിന്റെയായി മാറി. ധനകാര്യസെക്രട്ടറി സി ഇ ജോണ്‍സ് ഒപ്പിട്ടതായിരുന്നു ഈ നോട്ടുകള്‍.

സ്വാതന്ത്രലബ്ദിക്ക് ശേഷം ധനകാര്യമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലായി ഒരു രൂപയുടെ അച്ചടി വിതരണം. 1949ല്‍ വീണ്ടും പുതിയ ഒരു രൂപ അച്ചടിച്ചു. ധനകാര്യസെക്രട്ടറി കെ.ആര്‍.മേനോന്‍ ഒപ്പിട്ട നോട്ടില്‍ ജോര്‍ജ് ആറാമന്റെ തലയ്ക്ക് പകരം അശോകസ്തംഭമായി. 1951ല്‍ രൂപകല്‍പ്പനയില്‍ വലിയ മാറ്റം വരാതെ അടുത്ത സീരീസ് നോട്ടിറങ്ങി. എന്നാല്‍ നിറത്തിലും രൂപത്തിലും മാറ്റം വരുത്തി വീണ്ടും നോട്ടിറങ്ങി. ഹിന്ദിയിലും രൂപയുടെ മൂല്യം രേഖപ്പെടുത്തി. കെ.ജി അംബേഗോയങ്കര്‍ ഒപ്പു വെച്ച നോട്ടാണ് രണ്ട് തവണയും ഇറങ്ങിയത്. ഒരു രൂപ നാണയത്തിന്റെ ഇരുപുറവും ഈ നോട്ടുകളില്‍ രേഖപ്പെടുത്തിയിരുന്നു. 1994ല്‍ ഒരു രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തുന്നത് വരെ ഇത് തുടര്‍ന്നു. 1952 മുതല്‍ 1956 വരെയും 58 മുതല്‍ 62 വരെയും 1988 ലും ഒരു രൂപ പോലും അച്ചടിച്ചില്ല. ഇതിനിടെ ഗള്‍ഫ് നാടുകളിലെ വിനിമയത്തിനായി ചുവപ്പു നിറത്തില്‍ ഒരു രൂപ അച്ചടിച്ചു. 1994 ല്‍ ഒരു രൂപയുടെ അച്ചടി നിലച്ചപ്പോള്‍ മോണ്ടേക് സിംങ് അലുവാലിയ ഒപ്പിട്ട നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. രണ്ടു ദശകത്തിനു ശേഷമാണ് 2015 ല്‍ വീണ്ടും ഒരു രൂപ അച്ചടിച്ചത്. ധനസെക്രട്ടറി രാജീവ് മെഹര്‍ഷയുടെ ഒപ്പോടെയാണ് പുതിയ നോട്ടുകള്‍ അച്ചടിച്ചത്. 19 ധനസെക്രട്ടറിമാര്‍ ഇക്കാലയളവില്‍ ഒരു രൂപയില്‍ ഒപ്പു വെച്ചിട്ടുണ്ട്.

നരേന്ദ്രമോദി നിരോധിച്ചത് കള്ളപ്പണ നിയന്ത്രണത്തെയാവാം. എങ്കിലും ചരിത്രത്തിന്റെ തലയെടുപ്പില്‍ ചിരിക്കുന്ന ഗാന്ധിയുള്ള പഴയ നോട്ടുകള്‍ എന്നും സ്മരിക്കപ്പെടും. പുതിയതെത്ര വന്നാലും എവിടെയെങ്കിലും വെച്ച് പഴയതിന്റെ ഓര്‍മകള്‍ വരും. നഷ്ടപ്പെട്ടത് കഷ്ടപ്പാടിന്റെ നേട്ടമാണ്. എങ്കിലും ഒരര്‍ദ്ധ രാത്രിയില്‍ പൊലിഞ്ഞു പോയ അഞ്ഞൂറിനും ആയിരത്തിനുമിടയില്‍ ഇന്നും തലയെടുപ്പോടെ ഒരു രൂപ നോട്ട് നില്‍ക്കുന്നു.