കൊല്ലപ്പെട്ട മാവേയിസ്റ്റുകളുടെ ശരീരത്തില്‍ 26 മുറിവുകള്‍ 12 വെടിയുണ്ടകള്‍ കണ്ടെത്തി; മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

single-img
27 November 2016

ajitha-kuppu-devaraj

തിരുവനന്തപുരം: പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നിലമ്പൂര്‍ കരുളായി വനമേഖലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ 26 മുറിവുകള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മൃതദേഹങ്ങളില്‍ നിന്ന് പന്ത്രണ്ട് വെടിയുണ്ടകള്‍ പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുമ്പായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പ്രത്യേകയോഗം ചേരും.

എന്നാല്‍ സംഭവത്തെക്കുറിച്ച് മജിസ്‌ട്രേറ്റ് തലത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പെരിന്തല്‍മണ്ണ സബ്ബ് കളക്ടറെ സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തി. ഏറ്റുമുട്ടല്‍ മരണത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ചെയ്ത കേസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് വിട്ടിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പത്രകുറിപ്പിലൂടെ വ്യക്തമാക്കി.

മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ ശരീരത്തില്‍ വെടിയേറ്റ ഏഴ് മുറിവുകളുണ്ട്. നാലുവെടിയുണ്ടകള്‍ ദേഹത്ത് തറച്ചിരുന്നു. മൂന്നെണ്ണം ശരീരം തുളച്ച് പുറത്തു പോയി. ഏറ്റവും കൂടുതല്‍ വെടിയേറ്റത് അജിതയ്ക്കാണ്. പത്തൊന്‍പതെണ്ണം. ശരീരത്തില്‍ നിന്ന് കിട്ടിയതാകട്ടെ അഞ്ചു തിരകളും. 14 തിരകള്‍ ദേഹം തുളച്ച് പുറത്തു പോയ നിലയിലാണ്.

പല അകലങ്ങളില്‍ നിന്ന് പൊലീസ് വെടിവച്ചതാണെന്ന നിഗമനത്തിലാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍. വെടിയേറ്റതെല്ലാം ശരീരത്തിന്റെ മുന്‍ഭാഗത്തു നിന്നാണ്. പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പ് ബാലിസ്റ്റിക് വിദഗ്ധരും മൃതദേഹങ്ങള്‍ പരിശോധിച്ചിരുന്നു. മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള അകലം മുപ്പതു മീറ്ററെങ്കിലും ഉണ്ടായിരുന്നിരിക്കണമെന്നാണ് അവരുടെ നിഗമനം. മാവോയിസ്റ്റ് നേതാക്കളെ കണ്ട ഉടനെ പൊലീസ് വെടിവച്ചിരിക്കാമെന്നാണ് മുറിവുകള്‍ വിലയിരുത്തിയവരുടെ നിഗമനം. മര്‍ദനത്തിന്റേയോ മല്‍പിടുത്തത്തിന്റേയോ ലക്ഷണങ്ങളില്ല. പോസ്റ്റ്മോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് തയാറാകാന്‍ രണ്ടു ദിവസമെടുക്കും.