തിരുവനന്തപുരം വിമാനത്താവളത്തിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തം; പരുന്തുകളുടെ ഭീഷണി ഒഴിവാക്കണമെങ്കില്‍ നാട്ടുകാര്‍ സഹകരിക്കണം

single-img
27 November 2016

eagle

തിരുവനന്തപുരം: അടുത്തകാലത്തായി തിരുവനന്തപുരം വിമാനത്താവള പരിസരത്ത് പരുന്തുകളുടെ ശല്യം വര്‍ദ്ധിച്ചുവരികയാണ്. ഇത് സമീപ ഭാവിയില്‍ ഒരു വന്‍ദുരന്തത്തിന് കാരണമായേക്കാമെന്ന ആശങ്ക ഉയര്‍ന്നിക്കുന്നു.

വിമാനത്താവളത്തിന്റെ റണ്‍വേ തുടങ്ങുന്ന വള്ളക്കടവ് മുട്ടത്തറ പാലത്തിന് സമീപം പാര്‍വതി പുത്തനാറില്‍ നിക്ഷേപിക്കപ്പെടുന്ന ഇറച്ചി വെട്ടുന്നതിന്റെ മാലിന്യങ്ങളാണ് പരുന്തുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഗള്‍ഫ് സെക്ടറുകളില്‍ നിന്നുള്‍പ്പെടെ നിരവധി സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങള്‍ വളരെ താഴ്ന്നു പറക്കുന്ന മേഖലയാണ് ഇത്. റണ്‍വേയ്ക്ക് ഏകദേശം മുന്നൂറ് മീറ്റര്‍ അകലെ മാത്രമാണ് മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നത്. പരുന്തുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ മാലിന്യം ഭക്ഷിക്കാനെത്തുകയും പറന്നുയരുകയും ചെയ്യുന്നത് ഒരു വിമാന ദുരന്തത്തില്‍ കലാശിക്കുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.

അതേസമയം മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ ഇത്തരമൊരു ദുരന്തത്തെ മനസിലാക്കുന്നില്ല. അതിനാല്‍ തന്നെ അധികൃതര്‍ പ്രദേശവാസികളെ അടിയന്തിരമായി ഇതേക്കുറിച്ച് ബോധവാന്മാരാക്കിയെല്ലെങ്കില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രവാസികളും നൂറ് കണക്കിന് വിദേശികളും ആശ്രയിക്കുന്ന തിരുവനന്തപുരം വിമാനത്താവളം മറ്റൊരു ദുരന്തത്തിന് സാക്ഷിയാകും.