പുതിയ നോട്ടും പണി തന്നു തുടങ്ങി; അഞ്ഞൂറിന്റെ പുത്തന്‍ നോട്ടിലെ നമ്പറുകള്‍ മായുന്നു

single-img
27 November 2016

500

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുരിതത്തിലായിരുന്നു. പുതിയ നോട്ടുകള്‍ കൈമാറി കിട്ടിപ്പോള്‍ പകുതി ഒരാശ്വാസം കിട്ടിയെങ്കിലും പുതിയ നോട്ടുകള്‍ വീണ്ടും തലവേദനയാവുകയാണ്.

എടിഎം കൗണ്ടറുകളില്‍ നിന്നും പുതിയ 500ന്റെ നോട്ടുകള്‍ കിട്ടിയതില്‍ നിന്നും സീരിയല്‍ നമ്പര്‍ മാഞ്ഞു പോകുന്നതാണ് വീണ്ടും ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നെയ്യാറ്റിന്‍കര കാനറ ബാങ്കിന്റെ കീഴിലുള്ള എടിഎം കൗണ്ടറില്‍ നിന്നും കാഞ്ഞിരംകുളം സ്വദേശി റോബി ഇന്നലെ രാവിലെ എടുത്ത 500 രൂപ നോട്ടിന്റെ സീരിയല്‍ നമ്പറാണ് മാഞ്ഞിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. നോട്ടിനു മുകളിലൂടെ വിരലോടിക്കവ അത് വീണ്ടും മായുന്ന സ്ഥിതിയായി.

9 AD 015933 ഉം 9 AD 015934 എന്നി നമ്പറുകളുള്ള നോട്ടില്‍, ആദ്യ നോട്ടിലെ 33 ഉം അടുത്ത നോട്ടിന്റെ 4 എന്ന അക്കവുമാണ് മായുന്നതായി കണ്ടത്. ഇതോടെ മഷി ഉണങ്ങാത്ത നോട്ടാണ് വിതരണത്തിനെത്തിയതെന്ന വാര്‍ത്ത പരന്നിരിക്കുകയാണ്. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് പ്രതികരണം. എന്തായാലും കൈയില്‍ കാശു വെച്ചിട്ട് വീണ്ടും പണി കിട്ടുമോന്നു കാത്തിരുന്നു കാണാം.

ധൃതിപിടിച്ച് പ്രിന്റ് ചെയ്തതുകൊണ്ടാണ് പുതിയതായി പുറത്തിറക്കിയ നോട്ടുകളില്‍ അച്ചടി പിശകുകളും മറ്റുമുണ്ടായിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് വക്താവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.