പഞ്ചാബിലെ ജയില്‍ ആക്രമിച്ച് തടവുകാരെ രക്ഷപ്പെടുത്തി; രക്ഷപ്പെട്ടത് ഭീകരവാദ ബന്ധമുള്ള അധോലോക കുറ്റവാളികള്‍

single-img
27 November 2016

jail

ഛണ്ഡിഗഡ്: പഞ്ചാബിലെ നാഭ ജയില്‍ ആക്രമിച്ച് അഞ്ച് തടവുകാരെ രക്ഷപ്പെടുത്തി. ഏകദേശം പത്ത് പേരുണ്ടെന്ന് കരുതപ്പെടുന്ന അക്രമി സംഘം ഖാലിസ്ഥാന്‍ വിമോചന നേതാവ് ഹര്‍മിന്ദര്‍ സിംഗ് മിന്റു ഉള്‍പ്പെടെ അഞ്ച് പേരെയാണ് രക്ഷപ്പെടുത്തിയത്.

ഹര്‍മീന്ദര്‍ സിംഗിനൊപ്പം രക്ഷപ്പെട്ട മറ്റ് നാല് പേര്‍ അധോലോക ബന്ധത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടവരാണ്. നിരവധി കേസുകളില്‍ പ്രതികളായ കൊടുംക്രിമിനലുകളാണ് ഇവര്‍ എന്നാണ് പോലീസ് പറയുന്നത്. ഗുര്‍പ്രീത് സിംഗ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിംഗ് വിക്കി എന്നീ അധോലോക കുറ്റവാളികളാണ് രക്ഷപ്പെട്ടത്.

പോലീസ് വേഷം ധരിച്ചെത്തിയ അക്രമി സംഘം ജയില്‍ സുരക്ഷയ്ക്കുണ്ടായിരുന്ന പോലീസുകാര്‍ക്ക് നേരെ നൂറിലേറെ തവണ വെടിയുതിര്‍ത്തു. രക്ഷപ്പെട്ട കുറ്റവാളികള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

നിരോധിത ഭീകര സംഘടനയായ ഖാലിസ്ഥാന്‍ വിമോചന പ്രസ്ഥാനത്തിന്റെ നേതാവ് ഹമീന്ദറിനെ 2014ല്‍ ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പത്തോളം ഭീകരവാദ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഹമീന്ദറിനെ ഉപയോഗിച്ച് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ സേനകള്‍ അറിയിച്ചിരുന്നു. അതിനാലാണ് അതീവ സുരക്ഷയുള്ള നാഭ ജയിലില്‍ ഇയാളെ പാര്‍പ്പിച്ചിരുന്നത്.