പണത്തിന് വേണ്ടി വരിനിന്ന പട്ടാളക്കാരനെ അടിച്ചോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സൈനികന്‍ എത്തിയത് സഹോദരന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് വേണ്ടിയുള്ള പണമെടുക്കാന്‍

single-img
26 November 2016

jawan

ബിജെപി സര്‍ക്കാര്‍ അണികളോട് ഉദ്‌ഘോഷിക്കുന്ന രാജ്യസ്‌നേഹവും സൈനിക സ്‌നേഹവും കപടമാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. സഹോദരന്റെ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് വേണ്ടിയുള്ള പണത്തിനായി വരിനിന്ന പട്ടാളക്കാരനെ പോലീസ് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇന്ത്യ ടുഡേ ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മധ്യപ്രദേശിലെ മൊറീനയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സൈനികനായ ദിനേഷ് ബാങ്കില്‍ നിന്നും പണമെടുക്കുന്നതിനുള്ള വരിയില്‍ നില്‍ക്കുകയായിരുന്നു. അതേസമയം പോലീസുകാര്‍ തങ്ങള്‍ക്ക് പരിചയമുള്ളവരെ ക്യൂവില്‍ മുന്നിലെത്താനും ക്യൂവില്‍ നില്‍ക്കാതെ തന്നെ ബാങ്കില്‍ പ്രവേശിക്കാനും സഹായിച്ചു. ദിനേഷ് ഇതില്‍ പ്രതിഷേധിച്ചതോടെയാണ് പോലീസുകാര്‍ അടിച്ചോടിച്ചത്.

ദിനേഷ് പിന്നീട് ഇതേക്കുറിച്ച് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു ഫലവും കണ്ടില്ല. രണ്ട് മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ദിനേഷിനെ ക്യൂവില്‍ നിന്നും വലിച്ചിറക്കി വലിച്ചിഴയ്ക്കുന്നതും ക്യൂവില്‍ നിന്നും പുറത്താക്കി ലാത്തി കൊണ്ട് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.