ധനുഷ് ഞങ്ങളുടെ മകനാണ്; അവകാശവാദവുമായി വൃദ്ധ ദമ്പതികള്‍ കോടതിയില്‍

single-img
26 November 2016

dhanushമധുരൈ: തന്റെ ജീവിതം തന്നെ സിനിമ കഥയാക്കേണ്ടി വരുന്ന അവസ്ഥയിലാണ് തമിഴ് സൂപ്പര് താരം ധനുഷ്. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശവാദവുമായിട്ടാണ് മധുരൈയില്‍ നിന്നുള്ള ദമ്പതികള്‍ കോടതിയിലെത്തിയത്. മുന്‍പ് ഇതേ അവകാശവാദവുമായി് നവംബര്‍ 7ന് ഇവര്‍ കോടതിയെ സമീച്ചിരുന്നു.

മേലൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ സമര്‍പ്പിച്ച പരാതിയില്‍ ജനുവരി 12ന് മുന്‍പ് ധനുഷ് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. മധുരൈയില്‍ നിന്നുള്ള കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ധനുഷിന്റേതെന്ന് പറയപ്പെടുന്ന കുട്ടിക്കാല ചിത്രങ്ങളും ഇവര്‍ കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചു.

കതിരേശനും മീനാക്ഷിയും കോടതിയില്‍ സമര്‍പ്പിച്ച ധനുഷിന്റെ കുട്ടിക്കാല ചിത്രം

കതിരേശനും മീനാക്ഷിയും കോടതിയില്‍ സമര്‍പ്പിച്ച ധനുഷിന്റെ കുട്ടിക്കാല ചിത്രം

ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളിസെല്‍വന്‍ എന്നാണെന്നും മേലൂരിലെ ആര്‍സി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് മകന്‍ പത്താം ക്ലാസ് ജയിച്ചതെന്നും ഇവര്‍ പറയുന്നു. പിന്നീട് തിരുപ്പത്തൂരിലെ പ്രൈവറ്റ് സ്‌കൂളിലാണ് കാളിസെല്‍വന്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയതെന്നും ഇവര്‍ പറയുന്നു. പഠനത്തില്‍ മോശമായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ശാസിച്ചതില്‍ ദേഷ്യപ്പെട്ടാണ് ധനുഷ് വീടുവിട്ടു പോയതെന്നും പിന്നീട് സിനിമകളിലൂടെയാണ് ധനുഷിനെ കണ്ടതെന്നുമാണ് ഇവരുടെ ആരോപണം.

കതിരേശനും മീനാക്ഷിയും

കതിരേശനും മീനാക്ഷിയും

പ്രായം ചെന്ന തങ്ങള്‍ക്ക് ധനുഷ് മാസം 65,000 രൂപ വീതം നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. നിരവധി തവണ ധനുഷിനെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് മകനെ തിരികെ ലഭിക്കണമെന്നും പരാതിയിലെ വാസ്തവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെല്ലിനും പൊലീസിനും ഇവര്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.