മാവോയിസ്റ്റുകളെ മറന്ന് കാസ്‌ട്രോയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നത് അശ്ലീലമാണെന്ന് ബല്‍റാം; കൊലപ്പെടുത്തിയത് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെയെന്ന് മറക്കരുത്

single-img
26 November 2016

 

vt-balram

തിരുവനന്തപുരം: നിലമ്പൂരില്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ഇടതുപക്ഷ നേതാക്കള്‍ ക്യൂബയില്‍ മരിച്ച ഫിഡല്‍ കാസ്‌ട്രോയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ അശ്ലീലമിമെന്ന് വി ടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കിലൂടെ ആരോപിച്ചു. രണ്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെയാണ് വെടിവച്ച് കൊന്നതെന്ന് മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഭരണപക്ഷ എംഎല്‍എയായിരുന്നപ്പോഴും മാവോയിസ്റ്റുകളോടുള്ള പോലീസ് സമീപനത്തില്‍ താന്‍ പരസ്യമായി വിജോയിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അന്ന് മാവോയിസ്റ്റ് സാഹിത്യത്തിന്റെ പേരില്‍ കേസെടുക്കുകയാണ് ചെയ്തതെങ്കില്‍ പിണറായി വിജയന്റെ പോലീസ് രണ്ട് മനുഷ്യരെ കൊല്ലുകയാണുണ്ടായിരിക്കുന്നതെന്നും ബല്‍റാം പ്രതികരിച്ചു. ഈ വിഷയത്തില്‍ ഇടത് നേതാക്കളൊന്നും പ്രതികരിക്കില്ലെന്ന് അറിയാമെന്ന് പറഞ്ഞ ബല്‍റാം എംഎ ബേബിയില്‍ നിന്നെങ്കിലും പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു ഭരണപക്ഷ എംഎല്‍എ ആയിരിക്കുമ്പോഴും പോലീസ് നയത്തെക്കുറിച്ചും മാവോയിസ്റ്റുകളോടുള്ള പോലീസ് സമീപനത്തെക്കുറിച്ചുമുള്ള വിയോജിപ്പ് പരസ്യമായി സഭയ്ക്കുള്ളില്‍ തന്നെ സൂചിപ്പിച്ചിരുന്നു.

അന്ന് മാവോയിസ്റ്റ് സാഹിത്യത്തിന്റെ പേരില്‍ കേസെടുക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇന്ന് രണ്ട് മനുഷ്യരെ വെടിവച്ചു കൊല്ലുകയാണുണ്ടായിരിക്കുന്നത്.

ഫേസ്ബുക്കിലും നിയമസഭയിലുമൊക്കെ പരസ്യമായി നിലപാടുകള്‍ സ്വീകരിച്ച് ‘ആളാവാന്‍’ നോക്കാതെ പാര്‍ട്ടി കമ്മിറ്റികളില്‍ മാത്രം അഭിപ്രായം പറഞ്ഞ് ‘തിരുമ്മല്‍ ശക്തി’കളാവുന്ന ഇടതുപക്ഷത്തെ യുവജന നേതാക്കന്മാര്‍ ഈ വിഷയത്തിലും ക മാന്നൊരക്ഷരം പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പ്രത്യേകിച്ചും അവരുടെ പരമോന്നത നേതാവ് കേരളം ഭരിക്കുന്ന കാലത്ത്. എന്നാലും പിണറായി സര്‍ക്കാരിന്റെ ഈ മനുഷ്യക്കുരുതിയെക്കുറിച്ച് സഖാവ് എംഎ ബേബിയെങ്കിലും പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മറക്കരുത് സിപിഎമ്മുകാരാ, രണ്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെയാണ് നിങ്ങളുടെ സര്‍ക്കാര്‍ കൊന്നുകളഞ്ഞിരിക്കുന്നത്. അതേക്കുറിച്ചൊരക്ഷരം മിണ്ടാതെ നിങ്ങള്‍ വിപ്ലവനക്ഷത്രം ഫിഡല്‍ കാസ്‌ട്രോയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുന്നതില്‍പ്പരം അശ്ലീലമായി മറ്റൊന്നില്ല’.