മാവോയിസ്റ്റ് കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യം; മോഡി ചെയ്തതുപോലെ ചെയ്യാനല്ല പിണറായിയെ അധികാരത്തിലേറ്റിയതെന്ന് സിപിഐ

single-img
25 November 2016

 

kanam-against-govt

നിലമ്പൂരില്‍ പോലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമാകുന്നു. ഭരണകക്ഷിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ സിപിഐയാണ് കൊലപാതകത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പിന്നാലെ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു രംഗത്തെത്തി.

പോലീസ് ഏകപക്ഷീയമായ ആക്രമണമാണ് നടത്തിയതെന്നും പോലീസുകാര്‍ക്ക് ആര്‍ക്കും പരിക്കേല്‍ക്കാത്തത് അതിന് തെളിവാണെന്നുമാണ് വാസു ചൂണ്ടിക്കാട്ടുന്നത്. മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഇക്കാര്യം മലപ്പുറം എസ്പിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഡി ചെയ്തതു പോലെ ചെയ്യാനല്ല ജനങ്ങള്‍ പിണറായി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതെന്നാണ് നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചത്.

മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ശരിയോ തെറ്റോ എന്ന് പരിശോധിക്കുകയല്ല സര്‍ക്കാര്‍ ചെയ്തതെന്നും അവര്‍ ഉയര്‍ത്തിയ ശബ്ദം ഇല്ലാതാക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിപ്രായ പ്രകടനം നടത്തുന്നവരെ കൊല്ലാനുള്ള അധികാരം ആര്‍ക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഉച്ചയോടെ കരുളായിയിയിലെ പടുക്ക വനമേഖലയിലാണ് മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പുദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ടത്.

ഒരു സ്ത്രീയടക്കം രണ്ട് പേര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടും സിപിഎമ്മോ കോണ്‍ഗ്രസോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. നിലമ്പൂര്‍ മേഖലയില്‍ പോലീസിന് നേരെ നിരന്തരം ആക്രമണങ്ങളുണ്ടായിരുന്നെന്നും ഇതിന്റെ ഭാഗമായുള്ള ഏറ്റുമുട്ടലാണ് അവിടെ നടന്നതെന്നുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.