കൂത്തുപറമ്പിന്‍ തീക്കനലില്‍, ഞങ്ങള്‍ക്കായി മരിച്ചവരേ.. കൂത്തുപറമ്പ് വെടിവയ്പ്പിന് ഇന്ന് 22 വയസ്സ്

single-img
25 November 2016

koothuparamba-raktha-sakshi-mandapam

1994 നവംബര്‍ 25നാണ് കൂത്തുപറമ്പിന്റെ മണ്ണ് ചുവന്നത്. പോരാട്ടത്തിന്റെ പാതയില്‍ തീപ്പന്തമായി ജ്വലിച്ചു നില്‍ക്കുന്ന കൂത്തുപറമ്പിന്റെ മണ്ണിന് ഇന്നും ചുവപ്പു നിറമാണ്. ഭരണകൂട ഭീകരതക്കെതിരെ കൂത്തുപറമ്പിന്റെ തെരുവു വീഥിയില്‍ വിരിനെഞ്ചു കാട്ടിയ ധീര രക്തസാക്ഷികളുടെ ഓര്‍മകള്‍ക്കു മുന്‍പില്‍ പ്രണാമം.

യുവരക്തത്താല്‍ എഴുതപ്പെട്ട അധ്യായമാണ് കൂത്തുപറമ്പ്. വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച ചെറുപ്പക്കാര്‍ക്കുനേരെ കൂത്തുപറമ്പില്‍ പൊലീസ് നിറയൊഴിച്ചിട്ട് 22 വര്‍ഷമാകുന്നു. തീതുപ്പുന്ന തോക്കുകളുടെ മുന്നില്‍ ധീരതയോടെ നിലയുറപ്പിച്ച അഞ്ച് യുവാക്കളാണ് കൂത്തുപറമ്പില്‍ അന്ന് രക്തസാക്ഷിത്വം വരിച്ചത്. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ എന്നിവര്‍ സമരഭൂമിയില്‍ വെടിയേറ്റുവീണു. സമരമുഖത്ത് വെടിയുണ്ട തുളച്ചുകയറിയ ശരീരവുമായി സ. പുഷ്പന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി മാറി. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ അടയാളമാണ് കൂത്തുപറമ്പ്.

ഉന്നതവിദ്യാഭ്യാസമേഖലയും കച്ചവടത്തിന് തീറെഴുതിയ സാഹചര്യത്തിലാണ് ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭം ഉയര്‍ന്നുവന്നത്. പരിയാരത്ത് സര്‍ക്കാരിന്റെ കെട്ടിടവും സ്ഥലവും ഉപയോഗിച്ച് സ്വകാര്യ മെഡിക്കല്‍ കോളേജ് സംരംഭത്തിന് എം വി രാഘവന്‍ മുതിര്‍ന്നു. സ്വകാര്യട്രസ്റ്റിന്റെ മറവിലായിരുന്നു നീക്കം. കെ കരുണാകരന്‍, എം വി രാഘവന്‍ തുടങ്ങിയവരുടെ സ്വകാര്യസ്വത്താക്കി പരിയാരം മെഡിക്കല്‍ കോളേജിനെ വിഴുങ്ങാനുള്ള നീക്കം പരസ്യമായി. കോളേജ് സഹകരണമേഖലയില്‍ നിലനിര്‍ത്തണമെന്ന് വിദ്യാര്‍ഥി, യുവജനസംഘടനകള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിസമരത്തിന് പിന്തുണ നല്‍കി ഡിവൈഎഫ്ഐയും പോര്‍മുഖത്തേക്ക് വന്നു. ഇതിനിടയിലാണ് കൂത്തുപറമ്പ് അര്‍ബന്‍ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എം വി രാഘവന്‍ എത്തിയത്. സംസ്ഥാനത്താകെ മന്ത്രിമാരെ ബഹിഷ്‌കരിക്കുകയും കരിങ്കൊടിപ്രതിഷേധം നടത്തുകയും ചെയ്യുന്ന കാലമായിരുന്നു. സംഘര്‍ഷസാധ്യത കാരണം പരിപാടി ഉപേക്ഷിക്കണമെന്ന് പൊലീസ് മന്ത്രിമാരോട് ആവശ്യപ്പെട്ടു. ചടങ്ങില്‍ പങ്കെടുക്കേണ്ട തൊഴില്‍മന്ത്രി എന്‍ രാമകൃഷ്ണന്‍ പൊലീസ് നിര്‍ദേശമനുസരിച്ചു. രാഘവന്‍ കൂത്തുപറമ്പില്‍ പോകണമെന്ന് വാശിപിടിച്ചു. കറുത്ത തുണിയുമായി യുവത കൂത്തുപറമ്പിലേക്ക് ഒഴുകുമ്പോള്‍ കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ കെ സുധാകരനും എം വി രാഘവനും കൂട്ടക്കൊലയ്ക്കുള്ള ഗൂഢാലോചനയിലായിരുന്നു. ഈ ഗൂഢാലോചന പില്‍ക്കാലത്ത് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. വെടിവയ്ക്കാന്‍മാത്രമുള്ള പ്രകോപനമൊന്നും വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. എന്നിട്ടും പൊലീസ് വെടിയുതിര്‍ത്തു. അങ്ങനെയാണ് പ്രീയ സഖാക്കള്‍ വെടിയേറ്റ് പിടഞ്ഞത്.

സഖാവ് പുഷ്പന്‍

സഖാവ് പുഷ്പന്‍

സഖാവ്. പുഷ്പന്‍ ജീവിക്കുന്നത് കനലരിയുന്ന കൂത്തുപറമ്പിന്റെ ഓര്‍മകളും പേറിയാണ്. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ കണ്ണുകള്‍ പോലും ആ പോരാട്ടത്തിന്റെ വീരകഥ പറഞ്ഞ തരും. സര്‍ക്കാറിന്റെ കൊള്ളക്കെതിരെ പ്രതികരിച്ച് സഖാക്കള്‍ വെടിയുണ്ടയില്‍ പിടഞ്ഞു മരിക്കുമ്പോഴും ചുവന്ന കൊടിയെ അവര്‍ മുറുകെ പിടിച്ചിരുന്നു. വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെ വഴി തടഞ്ഞ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പോലീസ് വെടിവെപ്പ് മനപൂര്‍വ്വമാണെന്ന് പിന്നിട് തെളിഞ്ഞിട്ടുണ്ട്. കൂത്തുപറമ്പ് കരുതി കൂട്ടിയ കൊലക്കളമായിരുന്നു.

സഖാവ് പുഷ്പന്റെ ആത്മകഥയിലെ ഈ വാക്കുകള്‍ക്ക് കണ്ണീരിന്റെ നനവാണ് ‘എനിക്കറിയില്ല, മടുക്കാതെ ഒരേതരത്തില്‍ എങ്ങനെയാണ് കിടക്കുന്നതെന്ന്. ഒരു മിനിറ്റുപോലും അടങ്ങി ഒരിടത്തിരിക്കാത്തവന്‍ എന്നാണ് എന്നെക്കുറിച്ച് പറയാറ്. എന്നിട്ടും വേദനകളിലൂടെ നിരന്തരം കടന്നുപോകുമ്പോള്‍ എപ്പോഴും ചിരിക്കാന്‍ എനിക്കാവുന്നുണ്ട്. ഇത്രയും കാലം ഞാന്‍ ചിരിച്ചത് നിങ്ങളെനിക്ക് തന്ന സ്നേഹത്തിന് പകരമാണ്. ആ ഉശിരില്‍ ഞാന്‍ ഉണ്ടാവും. അവസാനിക്കാത്ത പോരാട്ടങ്ങള്‍ക്ക് കണ്ണും കാതും നല്‍കാന്‍’. ഇടനെഞ്ചില്‍ വെടിയുണ്ട കയറുമ്പോഴും പതറാതെ നിന്ന രക്തസാക്ഷികളേ നിങ്ങള്‍ മരിക്കില്ല ഒരിക്കലും. നവംബര്‍ 25 ചിതലരിക്കുന്ന ഓര്‍മയല്ല, പോരാട്ടത്തിന്റെ തീപ്പന്തമായി ജ്വലിക്കുന്ന ഓര്‍മ്മയാണ്.
കാലം ചരിത്രത്തിന്റെ താളുകളില്‍ കുറിച്ചു വെച്ച അക്ഷരങ്ങളാണ് നിങ്ങള്‍. നിങ്ങളായിരുന്നു സഖാക്കളേ ശരി.

എം വി രാഘവന്‍

എം വി രാഘവന്‍

”കൂത്തുപറമ്പിന്‍ വിരിമാറില്‍ ഞങ്ങള്‍ക്കായി മരിക്കുമ്പോഴും അമ്മേ എന്നു വിളിക്കാതെ, ദാഹ ജലത്തിനു കേഴാതെ, രാമ രാമ ജപിക്കാതെ, ഈശോ മറിയം ചൊല്ലാതെ, അള്ളാ എന്ന് വിളിക്കാതെ ഇന്‍ഖ്വിലാബ് വിളിച്ചവരേ” ഇത് കേവലം മുദ്രാവാക്യമല്ല. കള്ളത്തരത്തിനെതിരെ നാവുയര്‍ത്തിയ, കൊള്ളത്തരത്തിനെതിരെ മുഷ്ടിചുരുട്ടിയ സഖാക്കള്‍ക്കുള്ള പ്രണാമമാണ്.