നോട്ടുകളിലെ പ്രിന്റിംഗ് പിഴവ് തിരക്കിട്ട് ചെയ്തതിനാല്‍ സംഭവിച്ചതെന്ന് റിസര്‍വ് ബാങ്ക്; കള്ളനോട്ടുകളിറങ്ങാന്‍ കാരണമായേക്കുമെന്ന് ആശങ്ക

single-img
25 November 2016

500-note

ബംഗളൂരു: വിതരണത്തിലെത്തി രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ വിഭിന്നമായ രീതിയിലുള്ള അഞ്ഞൂറ് രൂപ നോട്ടുകളും ഇറങ്ങിയിരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയേക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കൂടാതെ കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കുകയെന്ന നോട്ട് പിന്‍വലിക്കലിന് പിന്നിലെ പ്രഖ്യാപിത ലക്ഷ്യം തകരാനും നോട്ടുകളിലെ പ്രിന്റിംഗ് പിഴവ് കാരണമാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ ആശങ്ക. പിഴവോടെയും വ്യത്യസ്ഥ തരത്തിലും നോട്ടുകളിറങ്ങിയത് കള്ളനോട്ടിറങ്ങുന്നതിന് സഹായകമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ദേശീയ ദിനപ്പത്രമായ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ മൂന്ന് വ്യത്യസ്ഥ തരത്തിലുള്ള പുതിയ അഞ്ഞൂറ് രൂപ നോട്ടുകളാണ് കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍ പ്രകടമായ നിഴലുകളാണ് പതിഞ്ഞിരിക്കുന്നത്. ദേശീയ ചിഹ്നത്തിലെയും സീരിയല്‍ നമ്പരുകളിലെയും പൊരുത്തമില്ലായ്മ എന്നിവയാണ് ഈ നോട്ടുകളിലെ മറ്റ് പ്രിന്റിംഗ് പിഴവുകള്‍.

മറ്റു ചില നോട്ടുകളില്‍ നോട്ടുകളുടെ അരികുകളുടെ വലുപ്പ് വ്യത്യസ്ഥമാണെന്നും കണ്ടെത്താന്‍ സാധിച്ചു. കൂടാതെ വ്യത്യസ്ഥ നിറങ്ങളിലുള്ള രണ്ടായിരം, അഞ്ഞൂറ് രൂപ നോട്ടുകളാണ് വിതരണത്തിനെത്തിയതെന്നും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ചില നോട്ടുകള്‍ക്ക് കടുപ്പമുള്ള നിറമാണെങ്കില്‍ മറ്റ് ചിലതിന് ഇളം നിറമാണ് ഉള്ളത്.

അതേസമയം പ്രിന്റിംഗ് പിഴവുകളോടെ നോട്ടുകള്‍ പുറത്തിറങ്ങിയതിന് കാരണം തിടുക്കത്തിലുള്ള പ്രിന്റിംഗ് ആണെന്ന് റിസര്‍വ് ബാങ്ക് വക്താവ് അല്‍പന കില്ലവാല അറിയിച്ചു. അതേസമയം ഇത്തരം നോട്ടുകള്‍ യാതൊരു ആശങ്കയുമില്ലാതെ ജനങ്ങള്‍ക്ക് കൈമാറ്റം നടത്താമെന്നും അല്ലെങ്കില്‍ റിസര്‍വ് ബാങ്കിനെ തിരികെ ഏല്‍പ്പിക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്.

അതേസമയം കള്ളനോട്ടുകള്‍ തടയുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമാണെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള അറിയിച്ചു. ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടുകളില്‍ തന്നെ വൈരുദ്ധ്യമുള്ളതിനാലാണ് ഇത്. എന്നാല്‍ അഞ്ഞൂറ് രൂപ നോട്ടുകളെക്കുറിച്ച് സംസാരിക്കാന്‍ തനിക്ക് ആകില്ലെന്നും കാരണം താന്‍ അത് കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രണ്ടായിരം രൂപ നോട്ടുകള്‍ കൃത്രിമത്വത്തിന് വളരെയധികം സാധ്യതയുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.

വിവിധ തരത്തിലുള്ള ഔദ്യോഗിക നോട്ടുകള്‍ ഇറങ്ങിയിരിക്കുന്നതിനാല്‍ ജനങ്ങള്‍ കള്ളനോട്ടുകള്‍ സ്വീകരിക്കാനുള്ള സാധ്യത വളരെയധികമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2013 ജനുവരി മുതല്‍ 2016 സെപ്തംബര്‍ വരെ രാജ്യത്ത് 155.11 കോടി രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതില്‍ ഈ വര്‍ഷം മാത്രം 27.79 കോടി രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു. നൂറിലേറെ കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തെങ്കിലും ആ നോട്ടുകളുടെ എണ്ണം 31 ലക്ഷം മാത്രമാണ്. അതായത്, പിടിച്ചെടുത്തവയില്‍ ഏറെയും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളായിരുന്നു.

പ്രാദേശികമായി ഉണ്ടായിരുന്ന കള്ളനോട്ട് അടി ഇല്ലാതായതായും കോയമ്പത്തൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഇത്തരം സംഘത്തിലെ പലരും കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും കര്‍ണാടക മുന്‍ പോലീസ് മേധാവി എസ് ടി രമേശ് അറിയിച്ചു. നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇപ്പോള്‍ പ്രധാനമായും കള്ളനോട്ട് എത്തുന്നത്. പുതിയതായി ഇറക്കിയ ഔദ്യോഗിക നോട്ടുകളിലെ വ്യത്യാസങ്ങള്‍ കള്ളനോട്ട് പ്രചരണത്തിന് സഹായകമാകുമെന്നും അതിനാല്‍ ഇവ എത്രയും വേഗം പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.