ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കാടിനുള്ളില്‍ നിന്നും ഇന്ന് പുറത്തെത്തിക്കും; മറ്റ് പത്തംഗ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം

single-img
25 November 2016

 

mao_760x400

നിലമ്പൂര്‍: നിലമ്പൂര്‍ കരുളായിയില്‍ പൊലീസ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഇന്ന് കാട്ടില്‍ നിന്നും പുറത്തെത്തിക്കും. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് രണ്ട് പേരാണെന്ന് ഐജി എംആര്‍ അജിത് കുമാര്‍ സ്ഥിരീകരിച്ചു.

ഇതിനിടെ ദൗത്യസേനയെ കണ്ട് കാട്ടിലേക്ക് ഓടിപ്പോയ 10 അംഗ മാവോയിസ്റ്റ് സംഘത്തിനായുളള തിരച്ചില്‍ സുരക്ഷ കാരണങ്ങള്‍ മുന്നിര്‍ത്തി പൊലീസ് ഊര്‍ജ്ജിതമാക്കി. ഇന്നലെ പൊലീസുമായുളള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗമായ കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹം വനത്തിന് പുറത്തെത്തിക്കാതിരുന്നത് കാട്ടിലേക്ക് ഓടിപ്പോയ മാവോയിസ്റ്റ് സംഘം പ്രത്യാക്രമണം നടത്താമെന്ന സാധ്യത മുന്നില്‍ കണ്ടായിരുന്നു.

രാവിലെ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ വനത്തിന് പുറത്തെത്തിക്കുന്ന മൃതദേഹം പടുക്ക ഫോറസ്റ്റ് റേഞ്ച് ഓഫീസിലും തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോകും. ഇന്നലെ ഉള്‍വനത്തിലെ തിരച്ചിലിനിടെ ദൗത്യസംഘത്തെ കണ്ട് കാട്ടിലേക്ക് ഓടിപ്പോയ പത്തംഗ മാവോയിസ്റ്റ് സംഘത്തിന് വേണ്ടി പൊലീസും തണ്ടര്‍ ബോള്‍ട്ടും രാത്രി വൈകിയും വനത്തിനുളളില്‍ പരിശോധന നടത്തി.

പ്രദേശത്തെ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതാദ്യമായാണ് പൊലീസുമായുളള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമീപ ജില്ലകളിലും സുരക്ഷ കര്‍ശ്ശനമാക്കിയിട്ടുണ്ട്. വയനാട്ടിലെ അഞ്ചോളം പൊലീസ് സ്റ്റേഷനുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.