മന്‍മോഹന്റെ വിമര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി സഭയിൽ തിരിച്ചെത്തിയില്ല;രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

single-img
24 November 2016

modi-manmohan1-jpg-image-576-432
നോട്ട് വിഷയത്തില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ നേതൃത്വത്തില്‍ രൂക്ഷവിമർശനമുയർന്നതിനു പിന്നാലെ സഭയില്‍ നിന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്‍ തിരിച്ചെത്തിയില്ല. ഉച്ചഭക്ഷണത്തിന് ശേഷം സഭ വീണ്ടും തുടങ്ങിയെങ്കിലും മോഡി എത്താത്തത് സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ മൂന്നു മണിവരെ നിര്‍ത്തിവെച്ചു.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്താണെന്നും പ്രതിപക്ഷം ചോദിച്ചു. പ്രധാനമന്ത്രി സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെച്ചൊല്ലി കഴിഞ്ഞ അഞ്ച് ദിവസവും പ്രതിപക്ഷം ബഹളം വച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹം സഭയിലെത്തിയത്.തുടർന്നാണു പ്രധാനമന്ത്രിയുടെ സാനിധ്യത്തിൽ ഡോ.മന്മോഹൻ സിങ് നോട്ട് നിരോധനത്തിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്.

പ്രധാനമന്ത്രി ഉടന്‍ തിരിച്ച് വരുമെന്നും പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് ധനമന്ത്രി സഭയില്‍ ഉറപ്പ് നല്‍കി. എന്നാല്‍ ഇത് കൊണ്ട് പ്രതിപക്ഷ ബഹളം അവസാനിക്കാത്തതിനെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

നോട്ട് പിൻവലിക്കൽ നടപടിയിലൂടെ രാജ്യത്തെ വളർച്ചാനിരക്ക് രണ്ട ശതമാനം കുറയുമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പറഞ്ഞിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ 50 ദിവസം ചോദിച്ച പ്രധാനമന്ത്രിയുടെ വാക്കുകളെയും അദ്ദേഹം തള്ളി. 50 ദിവസം കൊണ്ട് രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതം ദുരിതമാകുമെന്ന് പറഞ്ഞ അദ്ദേഹം കാർഷിക മേഖലയും ചെറുകിട വ്യാപാര–നിർമാണ മേഖലകളും തകരുമെന്നും പറഞ്ഞു. സ്വന്തം അക്കൗണ്ടിൽ പണം ഉണ്ടെങ്കിലും അത് പിൻവലിക്കാൻ കഴിയാത്ത സാഹചര്യം ലോകത്ത് മറ്റേതെങ്കിലും രാജ്യത്തുണ്ടോ എന്നും അദ്ദേഹം ചോദിച്ചു

നിലവിലെ അവസ്‌ഥയിൽ രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതാകും. റിസർവ് ബാങ്കിനെതിരേ പോലും ആരോപണങ്ങൾ ഉയർന്ന സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിൻവലിക്കൽ നടപടിയിലൂടെ രാജ്യത്തിന് പുറത്തുള്ള ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചുകൊണ്ടുവരാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം സുരക്ഷിതമായി തുടരുകയാണ്. നോട്ട് പിൻവലിക്കൽ നടപടിയുടെ ദൂഷ്യം പ്രധാനമന്ത്രിക്ക് പോലും മനസിലായിട്ടില്ലെന്നും സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും മൻമോഹൻ സിംഗ് പറഞ്ഞു.