നോട്ട് നിരോധനം;കേന്ദ്രത്തിനെതിരേ മൻമോഹൻസിങ്;നോട്ട് അസാധുവാക്കൽ സംഘടിത കൊള്ള

single-img
24 November 2016

India's PM Singh speaks during India Economic Summit in New Delhi

നോട്ടുകൾ അസാധുവാക്കിയ നടപടിയ്ക്കെതിരേ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി ഡോ.മന്മോഹൻസിങ്.നോട്ടുകൾ അസാധുവാക്കിയ നടപടി ചരിത്രപരമായ വീഴ്ച്ചയാണെന്ന് ധനകാര്യ വിദഗ്ധനായ ഡോ.സിങ് പറഞ്ഞു.നിരോധനം ദുർഭരണത്തിന്റെ സ്മാരകമാണു.50 ദിവസത്തെ പീഡനം ജനങ്ങളെ ദുരിതത്തിലേക്ക് നയിച്ചെന്നും സിങ് കൂട്ടിച്ചേർത്തു.നോട്ട് അസാധുവാക്കിയ നടപടിയുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സർക്കാർ നടപടിയെ ചരിത്രപരമായ മണ്ടത്തരം എന്ന് മൻമോഹൻ സിങ് വിശേഷിപ്പിച്ചത്.

നോട്ടുകൾ പിൻവലിച്ച തീരുമാനം രാജ്യത്തിന്റെ ജിഡിപിയിൽ രണ്ടു ശതമാനം കുറവുണ്ടാക്കും. ഇവിടുത്തെ കാർഷികമേഖലയേയും ഇത് പ്രതികൂലമായി ബാധിക്കും. രാജ്യത്തെ ബാങ്കിങ് സംവിധാനത്തിലും കറൻസിയിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമാക്കാൻ ഈ തീരുമാനം വഴിവയ്ക്കുമെന്നും മൻമോഹൻ സിങ് പറഞ്ഞു. ജനങ്ങൾ പണം നിക്ഷേപിച്ചിട്ട് അത് തിരിച്ചെടുക്കാൻ സാധിക്കാത്ത മറ്റൊരു രാജ്യത്തിന്റെ പേരുപറയാൻ പ്രധാനമന്ത്രിക്ക് സാധിക്കുമോ എന്നും മൻമോഹൻ സിങ് ചോദിച്ചു.ചെറുകിട വ്യവസായങ്ങൾക്കാണു കൂടുതൽ ദുരിതമെന്നും സഹകരണബാങ്കുകൾക്ക് പ്രവർത്തിയ്ക്കാൻ കഴിയാത്ത അവസ്ഥയെന്നും മന്മോഹൻ സിങ് പറഞ്ഞു.

നോട്ട് അസാധുവാക്കിയ നടപടിയെത്തുടർന്ന് ജനങ്ങൾക്കുണ്ടായ കഷ്ടതകൾ കണക്കിലെടുത്തേ തീരൂവെന്ന് മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി. എല്ലാം ശരിയാക്കാൻ 50 ദിവസത്തെ സമയം തരൂ എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് ചെറിയൊരു കാലയളവായി തോന്നാമെങ്കിലും രാജ്യത്തെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ലെന്നും മൻമോഹൻ സിങ് പറ‍ഞ്ഞു.