നിങ്ങളുടെ തോന്ന്യാസത്തിനനുസരിച്ച് ജനങ്ങളെ ദേശദ്രോഹികളും ദേശസ്‌നേഹികളുമാക്കരുത്; ബിജെപിക്ക് ശിവസേനയുടെ താക്കീത്

single-img
23 November 2016

 

uddhav-650

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെതിരെ വീണ്ടും കടുത്ത വിമര്‍ശനങ്ങളുമായി ശിവസേന. നിങ്ങളുടെ തോന്ന്യാസത്തിനനുസരിച്ച് ആളുകളെ ദേശദ്രോഹികളും ദേശസ്‌നേഹികളുമായി മുദ്ര കുത്തരുതെന്ന് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറേ ആവശ്യപ്പെട്ടു. അഞ്ഞൂറ്, ആയിരം രൂപയുടേ നോട്ട് അസാധുവാക്കിയത് കൊണ്ട് മാത്രം തീവ്രവാദം നിര്‍ത്താനാവില്ല. അങ്ങനെ നിര്‍ത്താനാവുമെങ്കില്‍ എന്നേ മുഴുവന്‍ ലോകവും ഈ രീതി നടപ്പിലാക്കിയേനെ എന്നും ഉദ്ദവ് താക്കറേ പറഞ്ഞു.

ക്യൂവില്‍ തളര്‍ന്നും ക്ഷീണിച്ചും നില്‍ക്കുന്നവരെ നിങ്ങള്‍ ദേശസ്‌നേഹം പഠിപ്പിക്കരുത്. അവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം രാജ്യത്തെ എല്ലാ ജോലികള്‍ക്കും ഉപയോഗിക്കുന്നുണ്ട്. അവരെ ബിജെപിക്കാര്‍ ദേശദ്രോഹികളും ദേശസ്‌നേഹികളുമായി മുദ്ര കുത്തരുത് എന്നും ഉദ്ദവ് കൂട്ടി ചേര്‍ത്തു.
നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നോട്ട് അസാധുവാക്കലിനെ എതിര്‍ക്കുന്നവരെ ദേശദ്രോഹികളാണെന്ന് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലക്കായിരുന്നു ഉദ്ദവിന്റെ പ്രതികരണം

ബി.ജെ.പി സര്‍ക്കാറിന്റെ നോട്ട് നിരോധനം സാധാരണ ജനങ്ങളെ എല്ലാ അര്‍ത്ഥത്തിലും ബുദ്ധിമുട്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നത്.