യുഎഇയില്‍ തൊഴിലുടമ പാസ്‌പോര്‍ട്ട് മടക്കി കൊടുത്തില്ല; എട്ട് മാസമായി പ്രവാസി മലയാളിയുടെ വാസം ടെറസിന് മുകളില്‍

single-img
23 November 2016

 

sajeev-rajan-jobless-indian-uae_650x400_41479871180

അബുദാബി: കഴിഞ്ഞ എട്ട് മാസമായി കൊല്ലം സ്വദേശി സജീവ് രാജന്‍ അനുഭവിക്കാത്ത ദുരിതങ്ങളില്ല. കാരണം യുഎഇയിലെ അജ്മാന്‍ നഗരത്തില്‍ എട്ട് മാസമായി സജീവ് കഴിച്ചുകൂട്ടുന്നത് ടെറസിന് മുകളിലാണ്.

നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് തൊഴില്‍ ഉടമ മടക്കി നല്‍കാത്തതിനാലാണ് ഇയാള്‍ക്ക് ആറ് നിലക്കെട്ടിടത്തിന്റെ മുകളില്‍ താമസിക്കേണ്ടി വന്നിരിക്കുന്നത്. തൊഴിലുടമ ഇദ്ദേഹത്തിന് ശമ്പള കുടിശിഖ വരുത്തിയിരുന്നു. അത് തിരിച്ചുകൊടുത്തെങ്കിലും പാസ്‌പോര്‍ട്ട് മടക്കി നല്‍കാത്തതിനാല്‍ നാട്ടിലേക്ക് തിരിച്ചു വരാനാകാത്ത അവസ്ഥയാണ്. മുമ്പ് താമസിച്ചിരുന്ന കെട്ടിടത്തിലെ മറ്റ് താമസക്കാരുടെ സഹായത്തോടെയാണ് ഇദ്ദേഹം ഇപ്പോള്‍ ടെറസിന്റെ മുകളില്‍ താമസമാക്കിയിരിക്കുന്നത്.

കൊല്ലം സ്വദേശിയായ സജീവിനെ കാത്ത് നാട്ടില്‍ ഭാര്യയും രണ്ട് മക്കളുമുണ്ട്. ഖലീജ് ടൈംസ് ആണ് സജീവിന്റെ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി പേര്‍ ഇദ്ദേഹത്തിന് തിരിച്ചുപോകാനുള്ള ടിക്കറ്റും ജോലിയും മറ്റ് സാമ്പത്തിക വാഗ്ധാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

പഞ്ചാബ് സ്വദേശിയായ എസ് സിംഗ് ആണ് ഇദ്ദേഹത്തിന്റെ തൊഴിലുടമ. അതേസമയം ലേബര്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും അത് വൈകുന്നതിനാലാണ് പാസ്‌പോര്‍ട്ട് മടക്കി കൊടുക്കാന്‍ വൈകുന്നതെന്നും സിംഗ് അറിയിച്ചു. സജീവിനെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാന്‍ താന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ കയ്യില്‍ ഭക്ഷണത്തിനോ താമസിക്കാനോ പണമില്ലെന്നും തന്നെ എത്രയും വേഗം നാട്ടില്‍ എത്തിക്കണമെന്നും സജീവ് ഖലീജ് ടൈംസിനോട് പ്രതികരിച്ചു. മാര്‍ച്ച് 11നാണ് ഇദ്ദേഹത്തിന്റെ കമ്പനിയുമായുള്ള കരാര്‍ പൂര്‍ത്തിയായത്. പ്രതിമാസം തുച്ഛമായ 900 ദിര്‍ഹമായിരുന്നു ശമ്പളം. കയ്യില്‍ പണമില്ലെങ്കിലും ഒരു റസ്റ്റോറന്റ് ഉടമ തനിക്ക് ഭക്ഷണം തരുന്നുണ്ടെന്നും മറ്റൊരാള്‍ പ്രഭാതഭക്ഷണത്തിനായി മൂന്ന് ദിര്‍ഹം വീതം തരുന്നുണ്ടെന്നും സജീവ് അറിയിച്ചു.

ഇക്കഴിഞ്ഞ 237 ദിവസമായി ഒപ്പം ജോലി ചെയ്തിരുന്ന നിര്‍മ്മാണ തൊഴിലാളികളുടെയും സമീപ പ്രദേശങ്ങളിലെ കടയുടമകളുടെയും സഹായത്തോടെയാണ് ഇദ്ദേഹം ജീവിക്കുന്നത്. താന്‍ നിരവധി തവണ ലേബര്‍ കോടതിയെയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തെയും സമീപിച്ചെങ്കിലും അവരാരും സഹായത്തിനെത്തിയില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

വാര്‍ത്ത പുറത്തു വന്നപ്പോള്‍ ലഭിച്ച സഹായങ്ങള്‍ ഈ മനുഷ്യനെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്. കാരണം താന്‍ വയറുനിറച്ച് വല്ലതും കഴിച്ചിട്ട് മാസങ്ങളായെന്നാണ് ഇദ്ദേഹം പറയുന്നത്. നയതന്ത്ര കാര്യാലയത്തില്‍ നിന്നും ഇതോടെ ഇദ്ദേഹത്തിന് വിളി വന്നിട്ടുണ്ട്. അനുഭവിച്ച ദുരിതങ്ങളെല്ലാം മറന്ന് എത്രയും വേഗം കേരളത്തില്‍ തിരിച്ചെത്താമെന്നാണ് സജീവിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.