ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടങ്ങി; തലയറുത്തിട്ടില്ലെന്ന് പാകിസ്ഥാന്‍; ഇത് സൈനികന്റെ ശിരസറുത്തതിനുള്ള പ്രതികാരം

single-img
23 November 2016

 

indian-army-soldiers-ap_650x400_51477108861-1
ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ മൂന്ന് ഇന്ത്യന്‍ സൈനികരെ വധിക്കുകയും അതില്‍ ഒരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്ത പാക് സൈന്യത്തിന് തിരിച്ചടിയുമായി ഇന്ത്യന്‍ സൈന്യം. ഇന്നലെ മുതലാണ് നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടി ആരംഭിച്ചത്.

പൂഞ്ച്, രജൗരി, കേല്‍, മച്ചില്‍ എന്നീ മേഖലകള്‍ ഇന്ത്യ, പാക് സൈന്യങ്ങളുടെ വെടിയുതിര്‍ക്കലുകളോടെ അസ്വസ്ഥമായിരിക്കുകയാണ്. അതേസമയം ഇവിടങ്ങളില്‍ നിന്നും മറ്റു റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായിട്ടില്ല. ഇന്നലെയാണ് ഒരു ഇന്ത്യന്‍ സൈനികന്റെ തലയറുത്തതും മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതുമായ വാര്‍ത്ത പുറത്തുവന്നത്. ഇതിനോടുള്ള പ്രതികാരം കടുത്തതായിരിക്കുമെന്ന് ഇന്നലെ തന്നെ ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാന്റെ സൈനിക പോസ്റ്റുകളിലേക്ക് 120 മില്ലീമീറ്റര്‍ മോര്‍ട്ടാറുകളും യന്ത്രതോക്കുകളും ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം എന്നറിയുന്നു. കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ മച്ചില്‍ മേഖലയില്‍ റോന്ത് ചുറ്റുമ്പോഴാണ് ആക്രമണമുണ്ടായത്. ഇന്ത്യ-പാക് സൈനിക പോസ്റ്റുകള്‍ ഈ മേഖലയില്‍ വളരെ അടുത്താണ്. ഈ പ്രദേശങ്ങളിലെ കൊടുംകാട് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഏറെ ഉപയോഗിക്കാനും സാധിക്കും.

പാക് അധിനിവേശ കാഷ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ 28 പേരെ വധിച്ചതിന് ശേഷം ഇന്ത്യയ്ക്ക് 18 സൈനികരുടെ ജീവനാണ് ഇതുവരെ നഷ്ടമായിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറിയ ഭീകര പ്രവര്‍ത്തകര്‍ ഉറിയില്‍ നടത്തിയ ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതോടെയാണ് അതിര്‍ത്തി സംഘര്‍ഷഭരിതമായത്. അതേസമയം ഇന്നലെ ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാന്‍ നിരസിച്ചു.