സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം നഷ്ടമാകില്ല; ജനങ്ങളെ സാമ്പത്തിക അടിമകളാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം: പിണറായി

single-img
22 November 2016

 

pinarayi-vijayan

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരു രൂപ പോലും ആര്‍ക്കും നഷ്ടമാകില്ലെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് പിന്നില്‍ ജനങ്ങളെ സാമ്പത്തിക അടിമകളാക്കാനുള്ള ഗൂഢതന്ത്രം ഒളിഞ്ഞിരിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നോട്ട് പിന്‍വലിക്കലിന് ശേഷം സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിക്കലിന്റെ യഥാര്‍ത്ഥ ലക്ഷ്യം ബിജെപിയില്‍ ഉള്ളവര്‍ നേരത്തെ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കള്ളപ്പണക്കാര്‍ക്കെതിരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി പൂഴ്ത്തിവയ്ക്കാന്‍ സാധിക്കുമെന്ന് വാദിക്കുന്നവര്‍ 2000ന്റെയും 1000ന്റെയും 500ന്റെയും കറന്‍സി തന്നെ വീണ്ടും കൊണ്ടുവരുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്ത് ആഭ്യന്തരകലാപമുണ്ടാകുന്ന സാഹചര്യമുണ്ടെന്ന് സുപ്രിംകോടതി പോലും വിലയിരുത്തിയിരിക്കുകയാണ്. സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. നോട്ട് മാറാന്‍ സഹകരണ സംഘങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും അരാജകത്വം സൃഷ്ടിക്കുന്ന നയങ്ങളില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നുമാണ് പ്രമേയം. ബിജെപി അംഗം ഒ രാജഗോപാലിന്റെ ഭേദഗതി നോട്ടീസ് തള്ളിക്കൊണ്ടാണ് പ്രമേയം പാസാക്കിയത്.

പ്രമേയത്തിനെതിരെ രാജഗോപാല്‍ നല്‍കിയ ഭേദഗതി നോട്ടീസിന് നിഷേധ വോട്ടിന്റെ സ്വഭാവമുണ്ടെന്ന് മാത്യു ടി തോമസ് ചൂണ്ടിക്കാട്ടിയതോടെ രാജഗോപാലിന് ഭേദഗതി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചില്ല. അതോടെ രാജഗോപാലിന്റെ വിയോജന കുറിപ്പോടെ പ്രമേയം പാസാക്കുകയായിരുന്നു.