ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ കൈവശം പുതിയ രണ്ടായിരം രൂപ നോട്ടുകളും; ഭീകരര്‍ക്ക് പണം ലഭ്യമാകുന്നത് തടയുമെന്ന പ്രഖ്യാപനവും പാഴായി

single-img
22 November 2016

 

bandipore-terrorists-new-notes_650x400_41479798944

ബന്ദിപൊര: ജമ്മു കാശ്മീരിലെ ബന്ദിപൊരയില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ കയ്യില്‍ നിന്നും പുതുതായി പുറത്തിറങ്ങിയ രണ്ടായിരം രൂപ നോട്ടുകളും കണ്ടെത്തി.

രണ്ട് പുതിയ രണ്ടായിരം രൂപ നോട്ടുകളുള്‍പ്പെടെ 15,000 രൂപയാണ് ഭീകരരുടെ കൈവശം പണമായി ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. ബാക്കിയുള്ള തുക നൂറിന്റെ നോട്ടായാണ് ഉണ്ടായിരുന്നത്. എകെ 47 തോക്കുകളുമായെത്തിയ ലഷ്‌കര്‍ ഇ തോയ്ബ അംഗങ്ങളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് എന്നാണ് സംശയിക്കപ്പെടുന്നത്. ഇവരില്‍ നിന്നും പിടിച്ചെടുത്ത നോട്ടുകളുടെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു.

രണ്ട് ആഴ്ച മുമ്പാണ് ബാങ്കുകള്‍ പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ പുറത്തുവിടാന്‍ ആരംഭിച്ചത്. കള്ളപ്പണവും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭ്യമാകുന്നത് തടയുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി 1000 രൂപ, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെയാണ് രണ്ടായിരം രൂപ നോട്ടുകള്‍ വിപണിയിലിറങ്ങിയത്.

കഴിഞ്ഞ ദിവസം കാശ്മീരിലെ ഒരു ബാങ്കില്‍ മുഖംമൂടിയിട്ടുവന്ന നാല് തോക്ക് ധാരികള്‍ 13 ലക്ഷം രൂപയുടെ പഴയ അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ തട്ടിയെടുത്തിരുന്നു. ശ്രീനഗറില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെയുള്ള മലാപൊരയിലെ ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്കിന്റെ ശാഖയിലാണ് കവര്‍ച്ച നടന്നത്.