മോഡി സര്‍ക്കാരിന്റെ ഭാഷ തന്നെ ട്രംപ് സര്‍ക്കാരിനും; ട്രംപിന്റെ വിജയം അംഗീകരിക്കാത്തവര്‍ രാജ്യം വിട്ടുപോകാന്‍ ജഡ്ജിയുടെ നിര്‍ദ്ദേശം

single-img
22 November 2016

 

us-judge-on-donald-trump-washington-post_650x400_81479786833

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ രാജ്യം വിട്ടുപോകാന്‍ ഫെഡറല്‍ മജിസ്‌ട്രേറ്റ് ജഡ്ജി ജോണ്‍ പ്രിമോമോയുടെ നിര്‍ദ്ദേശം. ട്രംപിന്റെ വിജയപ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്.

ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്നവരോട് പാകിസ്ഥാനിലേക്ക് പോകാനാണ് മോഡി അനുകൂലികള്‍ ആവശ്യപ്പെടുന്നത്. ട്രംപിന്റെ സ്ഥാനാരോഹണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധഅയക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ട്രംപിന് നിങ്ങള്‍ വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്തിട്ടുണ്ടാകാം. പക്ഷെ അമേരിക്കന്‍ പൗരനാണെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ വിജയം അംഗീകരിക്കുകയും പ്രസിഡന്റായി അംഗീകരിക്കുകയും ചെയ്യണം. ഇനി നിങ്ങള്‍ അതിന് തയ്യാറല്ലെങ്കിലും മറ്റേതെങ്കിലും രാജ്യത്തേക്ക് പോകുക.’ എന്നാണ് അദ്ദേഹം പറഞ്ഞത്. ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതിന് പകരം മുട്ടില്‍ നിന്ന എന്‍എഫ്എല്‍ കളിക്കാരന്‍ കോളിന്‍ കേപ്പര്‍നിക്കിനെയും പ്രിമോമോ വിമര്‍ശിച്ചു.

‘രാജ്യത്തെ സംഭവവികാസങ്ങളില്‍ നിങ്ങള്‍ക്ക് പ്രതിഷേധം നടത്താം. അതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ ദേശീയ പ്രതീകങ്ങളായ ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അപമാനിക്കുള്ള അധികാരം നിങ്ങള്‍ക്കില്ല’. അതേസമയം പ്രിമോമോയുടെ വാക്കുകള്‍ രാജ്യത്ത് വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. അദ്ദേഹത്തെ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് മൂവ്ഓണ്‍.ഓര്‍ഗില്‍ നിരവധി പരാതികളാണ് എത്തിയിരിക്കുന്നത്. ജഡ്ജിമാരെ തരംതാഴ്ത്തണമെന്ന ജനങ്ങള്‍ക്ക് നേരിട്ട് ആവശ്യപ്പെടാവുന്ന വെബ്‌സൈറ്റ് ആണിത്.