ജയരാജനെ അനുനയിപ്പിക്കാനായില്ല; നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ല; മണിയുടെ സത്യപ്രതിജ്ഞയിലും പങ്കെടുക്കില്ലെന്ന് സൂചന

single-img
22 November 2016

ep-jayarajan

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിനെയും അതിനെതുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധിയെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭ സമ്മേളനത്തില്‍ നിന്നും മുന്‍ മന്ത്രി ഇ പി ജയരാജന്‍ വിട്ടുനിന്നു. ഇന്ന് വൈകിട്ട് നടക്കുന്ന എം എം മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങും ജയരാജന്‍ ബഹിഷ്‌കരിക്കുമെന്നാണ് സൂചന.

ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടമായെങ്കിലും ക്യാബിനറ്റില്‍ തിരിച്ചെത്താമെന്നായിരുന്നു ജയരാജന്റെ കണക്കു കൂട്ടല്‍. എന്നാല്‍ അതെല്ലാം തെറ്റിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എം എം മണിയെ പുതിയ മന്ത്രിയാക്കാന്‍ ശുപാര്‍ശ ചെയ്തപ്പോള്‍ മുതല്‍ ജയരാജന്‍ പാര്‍ട്ടിയോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇടഞ്ഞു നില്‍ക്കുകയാണ്. തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലും ജയരാജന്‍ പങ്കെടുത്തില്ല.

അതുവരെ പിണറായിയുടെ വിശ്വസ്ഥനായിരുന്ന ജയരാജന്‍ ബന്ധു നിയമന വിവാദത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു നിന്നും വിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടി വന്നതോടെ ഒറ്റപ്പെട്ടിരുന്നു. പുതിയ മന്ത്രിയെ നിയമിക്കുന്ന കാര്യത്തില്‍ കൂടിയാലോചന നടത്തിയില്ലെന്നും ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് പരസ്യമായി ജയരാജന്‍ തന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നത്.

പാര്‍ട്ടി സെക്രട്ടറിയും ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്ന് ആരോപിച്ച ജയരാജന്‍ ഇങ്ങനെയാണെങ്കില്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കാമെന്നാണ് ഇപ്പോള്‍ പറയുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനാണ് സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്ന് സംയുക്ത നിയമസഭാ സമ്മേളനം വിളിക്കാന്‍ ധാരണയായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇന്ന് സഭ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. സഭയില്‍ പ്രമേയമായി ബന്ധപ്പെട്ട ചര്‍ച്ച തുടരുകയാണ്.