ചലച്ചിത്രമേളയില്‍ സിനിമയിലെ അശ്ലീലതയെ വിമര്‍ശിച്ച് വെങ്കയ്യ നായിഡു; ചലച്ചിത്ര മേളകളിലും സിനിമകളിലും കാവിവല്‍ക്കരണം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം

single-img
22 November 2016

 

venkaiah-naidu

പനാജി: ഇന്ത്യന്‍ സിനിമയ്ക്ക് പഴയ മൂല്യമില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇന്ത്യന്‍ സിനിമകളില്‍ ഇപ്പോള്‍ അശ്ലീലതയുടെ പ്രദര്‍ശനമാണ് നടക്കുന്നതെന്നും അത് ഇന്ത്യന്‍ സമൂഹത്തെ വൃണപ്പെടുത്തുന്നുവെന്നും നായിഡു പറഞ്ഞു.

സര്‍ഗ്ഗാത്മകത, യാഥാര്‍ത്ഥ്യ ബോധം, മാനവികതയുടെ സ്പര്‍ശം, യാഥാര്‍ത്ഥ്യത്തോടുള്ള അവബോധം, ലിംഗ നീതി, മുതിര്‍ന്നവരോടുള്ള ആദരവ്, പാരമ്പര്യത്തോടുള്ള ആദരവ് എന്നിവയും സിനിമയുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹ യാഥാര്‍ത്ഥ്യങ്ങളോടുള്ള പ്രതിഫലനമാകണം സിനിമയെന്നും പനാജിയില്‍ നടന്ന 47-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം സര്‍ക്കാരിന്റെ ഉപദേശത്തിനനുസരിച്ച് ചെയ്യുന്ന സിനിമകള്‍ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം സിനിമയ്ക്ക് ഒരു സന്ദേശമുണ്ടായിരിക്കണമെന്നതാണ് സംവിധായകരോട് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയിലെ അശ്ലീലവും വഷളത്തരവും അക്രമങ്ങളും വ്യംഗ്യാര്‍ത്ഥവും സമൂഹത്തെ വൃണപ്പെടുത്തുകയാണ്. നമ്മള്‍ അതിനെ ഗൗരവമായി കാണണം. പഴയ മൂല്യങ്ങളിലേക്ക് എന്താണ് നമ്മള്‍ മടങ്ങിപ്പോകാത്തത്. വഷളത്തരങ്ങളും വ്യംഗര്‍ത്ഥങ്ങളും ഒന്നുമില്ലാത്ത ധാരാളം സിനിമകള്‍ ഇവിടെ ദിവസങ്ങളോളവും വര്‍ഷങ്ങളോളവും പ്രദര്‍ശനത്തിനെത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മന്ത്രിയുടെ പ്രസംഗം ഇന്ത്യയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളെ ലക്ഷ്യമിട്ടാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ബിജെപിയുടെ കാവിവല്‍ക്കരണം സിനിമയിലും ചലച്ചിത്രമേളകളിലും അടിച്ചേല്‍പ്പിക്കുന്നതാണ് മന്ത്രിയുടെ പ്രസംഗം എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.