കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണക്കെതിരെ ഡിസംബര്‍ അഞ്ചിന് ഡല്‍ഹി മാര്‍ച്ച്; അണിചേരാന്‍ പ്രവാസികളും

single-img
21 November 2016

 

kozhikode_647_062115081642
ദുബായ്: കോഴിക്കോട് വിമാനത്താവളത്തോടുള്ള അധികാരികളുടെ അവഗണനയിലും നിരുത്തരവാദ സമീപനത്തിലും പ്രതിഷേധിച്ച് ഡിസംബര്‍ അഞ്ചിലെ ഡല്‍ഹി മാര്‍ച്ചില്‍ പ്രവാസി സംഘടനാ പ്രതിനിധികളും അണിനിരക്കും. നാലിന് ഡല്‍ഹി കേരള ഹൗസില്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം സംബന്ധിച്ച സെമിനാറും അഞ്ചിന് ജന്തര്‍ മന്ദിറില്‍ ധര്‍ണയുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാരും മറ്റ് ജനപ്രതിനിധികളുമെല്ലാം പരിപാടികളില്‍ സംബന്ധിക്കാമെന്ന് ഉറപ്പ് നല്‍കിയതായി കര്‍മ്മസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

യുഎഇയില്‍നിന്ന് വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് നൂറോളം പേര്‍ ധര്‍ണയില്‍ പങ്കെടുക്കും. വിമാനത്താവള വിപുലീകരണ പ്രവൃത്തികളിലെ അനിശ്ചിതത്വം മലബാര്‍ ഭാഗത്തുനിന്നുള്ള പ്രവാസികളെ ഏറെ വിഷമത്തിലാക്കിയിരിക്കുകയാണ്. സുരക്ഷയുടെ പേരില്‍ ഭാഗികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഇവിടെ റണ്‍വെ നവീകരണം ഏതാണ്ട് പൂര്‍ത്തിയായി. എന്നിട്ടും അകാരണമായി നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. എയര്‍പോര്‍ട്ട് റണ്‍വേ റിപ്പയറിങ്ങിനും റീ കാര്‍പ്പെറ്റിങ്ങിനും വേണ്ടിയാണു 2015 മെയ് ഒന്ന് മുതല്‍ വിമാനത്താവളം ഭാഗികമായി അടച്ചിരിക്കുന്നത്. ഇവിടെ സര്‍വീസ് നടത്തിയിരുന്ന എമിറേറ്റ്സ്, ഇതിഹാദ്, സൗദി എയര്‍ലൈന്‍സ് തുടങ്ങിയ വന്‍ വിമാനങ്ങളുടെ യാത്ര ഇതിന്റെ ഭാഗമായി നിര്‍ത്തി. ചെറു വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ സര്‍വീസ് നടത്തുന്നത്. വന്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കിയതു മൂലം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും മറ്റും മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.

ഹജ്ജ് സെന്റര്‍ സ്ഥിതി ചെയ്യുന്ന കോഴിക്കോട്ട് വന്‍ വിമാനങ്ങളുടെ വരവ് നിലച്ചതോടെ, ഹജ്ജ് ക്യാമ്പ് തന്നെ കൊച്ചിയിലേക്ക് മാറ്റേണ്ട സ്ഥിതിയായി. വിദേശരാഷ്ട്രങ്ങളിലെക്കുള്ള ചരക്കു ഗതാഗതവും അവതാളത്തിലായി. ഇത് മലബാര്‍ മേഖലയില്‍ കച്ചവട മാന്ദ്യവും വരുത്തിയിട്ടുണ്ട്. കേരളത്തിലെ മറ്റു പ്രധാന വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലകളിലാണെന്നിരിക്കെ ഇതിന്റെ ഭാഗമായി വികസന കാര്യത്തില്‍ സര്‍ക്കാരുകളുടെയും പ്രതിപക്ഷത്തിന്റെയും ജനപ്രധിനിധികളുടെയും മൗനം സംശയാസ്പദമാണ്. വിമാനത്താവളത്തിലെ ഇപ്പോഴത്തെ അനിശ്ചിതത്വം സമീപ വിമാനത്താവളങ്ങളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് സംശയം ഉയര്‍ത്തിയിട്ടുണ്ട്. ഇതിനെതിരെ വേണ്ടത്ര രാഷ്ട്രീയ ഔദ്യോഗിക തലത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവാത്തത് ഈ സംശയങ്ങളെ ബലപ്പെടുത്തുന്നുവെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുക, ഹജ്ജ് ക്യാംപ് പുനഃസ്ഥാപിക്കുക, കൂടുതല്‍ അന്താരാഷ്ട്ര ബജറ്റ് സര്‍വീസുകള്‍ ആരംഭിക്കുക, സീസണിലെ അമിതമായ വിമാനയാത്രക്കൂലി നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൂടിയാണ് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ മലബാര്‍ ഡെവലപ്മെന്റ് ഫോറം ഡല്‍ഹി മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

മാര്‍ച്ചില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അറിയിക്കുക ഫോണ്‍: 0507062149