രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ വിജയം 246 റണ്‍സിന്

single-img
21 November 2016

 

kohli-india

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 405 റണ്‍സ് തേടിയിറങ്ങിയ ഇംഗ്ലണ്ട് കളിയുടെ അഞ്ചാം ദിവസമായിരുന്ന ഇന്ന് ഉച്ചഭക്ഷണത്തിന് പിരിഞ്ഞ് തൊട്ടുപിന്നാലെ 158 റണ്‍സിന് ഓള്‍ ഔട്ടായി.

ഉച്ചഭക്ഷണത്തിന് ശേഷം എറിഞ്ഞ 4.3 ഓവറുകളില്‍ ഇംഗ്ലണ്ടിന് മൂന്ന് വാലറ്റക്കാരെയും നഷ്ടപ്പെട്ടു. സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. കന്നി ടെസ്റ്റ് കളിക്കുന്ന ജയന്ത് യാദവും ഇന്ത്യന്‍ ബൗളിംഗിലെ തുരുപ്പുചീട്ട് രവിചന്ദ്രന്‍ അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറ്റൊരു സ്പിന്നറായ രവീന്ദ്ര ജഡേജയും പേസര്‍ മുഹമ്മദ് ഷാമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 11.3 ഓവര്‍ എറിഞ്ഞ യാദവ് നാല് മെയ്ഡന്‍ ഉള്‍പ്പെടെ 30 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ അധികം വൈകാതെ സ്ഥിരപ്രതിഷ്ഠ നേടുമെന്ന് തെളിയിക്കുന്നതായിരുന്നു യാദവിന്റെ കന്നി ടെസ്റ്റ്. ആദ്യ ഇന്നിംഗ്‌സിലും ഇദ്ദേഹം ഒരു വിക്കറ്റ് നേടിയിരുന്നു.

അതേസമയം ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേടി ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ചുരുട്ടിക്കെട്ടിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 30 ഓവര്‍ എറിഞ്ഞ് 52 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 34 ഓവര്‍ എറിഞ്ഞ ജഡേജ 35 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചത്.

ഓപ്പണര്‍മാരെ ഇന്നലെ തന്നെ നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് ഡക്കറ്റിന്റെ(പൂജ്യം) വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ട്‌പെട്ടത്. പിന്നീട് ഇംഗ്ലണ്ട് നിരയില്‍ ആരും തന്നെ പിടിച്ചു നില്‍ക്കാനുള്ള പോരാട്ട വീര്യം പോലും പ്രകടപ്പിച്ചില്ല. മൊയിന്‍ അലി(രണ്ട്) നിരാശപ്പെടുത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ചുി നേടിയ ബെന്‍ സ്റ്റോക്‌സ്(ആറ്) രണ്ടാം ഇന്നിംഗ്‌സില്‍ പരാജയപ്പെട്ടു. രാവിലെ ക്രീസില്‍ ഉണ്ടായിരുന്ന ജോ റൂട്ടും്(25) അതേസ്‌കോറില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബ്രെയ്‌സ്‌റ്റോ(34 നോട്ടൗട്ട്) നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നല്ല കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

താരതമ്യേന വേഗതയില്‍ ബ്രെയ്‌സ്റ്റോ സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും തുടരെ തുടരെ ആദില്‍ റഷീദ്(നാല്), സഫര്‍ അന്‍സാരി(പൂജ്യം), സ്റ്റുവര്‍ട്ട് ബ്രോഡ്(അഞ്ച്), ജെയിംസ് ആന്‍ഡേഴ്‌സണ്‍(പൂജ്യം) എന്നിവര്‍ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് കര്‍ട്ടണ്‍ വീണു. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ചുറിയും നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് കളിയിലെ കേമന്‍.