കേന്ദ്രസര്‍ക്കാരിനെതിരെ ജനരോഷം രൂക്ഷം; പണമെത്തിക്കാന്‍ ഹെലികോപ്റ്ററുകളും വ്യോമസേന വിമാനങ്ങളും

single-img
21 November 2016

 

dena-bankdemonetizationpti

ന്യൂഡല്‍ഹി: പുതിയ 2000 രൂപ, 500 രൂപ നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ എളുപ്പമാര്‍ഗ്ഗങ്ങള്‍ തേടുന്നു. അച്ചടിച്ച നോട്ടുകള്‍ 21 ദിവസത്തിനുള്ളില്‍ ബാങ്കുകളിലെ മേജര്‍ കറന്‍സി ചെസ്റ്റുകളില്‍ എത്തിക്കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. എന്നാല്‍ നോട്ടുകളുടെ ക്ഷാമം തുടരുകയും നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് രണ്ടാഴ്ച ആകാറായിട്ടും ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് കുറയാതിരിക്കുകയും ചെയ്തതോടെ കേന്ദ്രസര്‍ക്കാരിനെതിരെ ജനരോഷം ശക്തമായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ആറ് ദിവസത്തിനുള്ളില്‍ ഹെലികോപ്റ്ററുകള്‍, വ്യോമസേന വിമാനങ്ങള്‍ എന്നിവ മുഖേന പണം കറന്‍സി ചെസ്റ്റുകളില്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. നഗരപ്രദേശങ്ങള്‍ക്ക് പുറമേ ഗ്രാമപ്രദേശങ്ങളിലും പുതിയ നോട്ടുകള്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതോടെ അടുത്തയാഴ്ചയോടെ നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഇന്ത്യയുടെ സാമ്പത്തികരംഗം പഴയ നിലയിലേക്ക് തിരിച്ചെത്താന്‍ ജനുവരി 15 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്തിന്റെ പലയിടങ്ങളിലും ഇപ്പോഴും നോട്ട് ക്ഷാമം തുടരുകയാണ്. 2000 രൂപ നോട്ടുകള്‍ എടിഎമ്മുകളിലൂടെ ലഭിക്കുന്നുണ്ടെങ്കിലും അഞ്ഞൂറ് രൂപ നോട്ടുകള്‍ ഇത്തരത്തില്‍ ലഭിച്ചു തുടങ്ങിയിട്ടില്ല.

എടിഎമ്മുകളില്‍ പുത്തന്‍ 500 രൂപ നോട്ടുകള്‍ ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഇതിന് കാരണം. ഓരോ എടിഎമ്മിലും അധികൃതര്‍ നേരിട്ടെത്തി സജ്ജീകരണം ഒരുക്കിയാലേ പുതിയ അഞ്ഞൂറ് രൂപ നോട്ടുകള്‍ അവയിലൂടെ വിതരണം ചെയ്യാന്‍ സാധിക്കൂ. അതിന് ഇനിയും ദിവസങ്ങളെടുക്കും.