സുധീരനെ തള്ളി യുഡിഎഫ്; സഹകരണ സമരത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കും

single-img
21 November 2016

 

vm

തിരുവനന്തപുരം: സഹകരണ സമരത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കേണ്ടതില്ലെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ അഭിപ്രായം യുഡിഎഫ് തള്ളിക്കളഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ എല്‍ഡിഎഫിനോടൊപ്പം യോജിച്ച് മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.

മുന്നണി യോഗത്തിന് ശേഷം പ്രതിപക്ഷ നേതാല് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നാളെ തുടങ്ങുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഏകകണ്‌ഠേന പ്രമേയം പാസാക്കാന്‍ പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. സര്‍വകക്ഷി സംഘത്തോടൊപ്പം കേന്ദ്രസംഘത്തെ സന്ദര്‍ശിച്ച് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയിക്കും. അതിന് ശേഷവും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി യോജിച്ച് മുന്നോട്ട് പോകും.

രാജ്യത്തെ 130 കോടി ജനങ്ങളെ ക്യൂ നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ഭരണം നിര്‍വഹിക്കുന്നത്. രാജ്യത്ത് അരാജകത്വം ഉണ്ടാകുമെന്ന് സുപ്രിംകോടതി പോലും സംശയം ഉന്നയിച്ചിരിക്കുകയാണ്.

കേരളത്തിലെ ഗ്രാമീണ മേഖല പൂര്‍ണമായും മുന്നോട്ട് പോകുന്നത് സഹകരണ മേഖലയെ ആശ്രയിച്ചാണ്. അതിനാല്‍ ഈ മേഖലയിലെ പ്രതിസന്ധിക്ക് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.