കാണ്‍പൂര്‍ ട്രെയിന്‍ അപകടം: മരണം 133 ആയി; തകര്‍ന്ന ബോഗികള്‍ക്കുള്ളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

single-img
21 November 2016

kanpur-train-accident_650x400_51479703034

കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ പുഖ്‌റായന് സമീപം ഇന്നലെ പുലര്‍ച്ചെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 133 ആയി ഉയര്‍ന്നു. ഇരുന്നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതില്‍ 76 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

അതേസമയം തകര്‍ന്ന ബോഗികള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അറിയുന്നത്. രക്ഷപ്പെടുത്താന്‍ സാധിക്കുന്ന എല്ലാവരെയും രക്ഷപ്പെടുത്താനായി രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്. മരിച്ചവരില്‍ 127 പേരും അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു.ബാക്കിയുള്ള ആറുപേരുടെ മരണം ആശുപത്രിയിലാണ് സ്ഥിരീകരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മുപ്പതോടെ ഇന്‍ഡോര്‍-പൂനെ എക്‌സ്പ്രസിന്റെ പതിനാല് ബോഗികളാണ് പാളം തെറ്റിയത്.

കാന്‍പൂരില്‍ നിന്നും അറുപത് കിലോമീറ്റര്‍ അകലെയുള്ള പുഖ്‌റായനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ നല്ല വേഗത കൈവരിച്ചിരുന്നു. അതിനാലാണ് ദുരന്തം ഇത്ര വലുതായത്. പാളത്തിന്റെ വിള്ളലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പാളം തെറ്റിയതോടെ പരസ്പരം കൂട്ടിയിടിച്ച എസ്1, എസ്2 കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച് കോച്ചുകള്‍ കീറി മുറിച്ചാണ് ഇതിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. ഈ കോച്ചുകള്‍ ഇപ്പോഴും ഒന്ന് മറ്റൊന്നിലേക്ക് പാഞ്ഞു കയറിയ നിലയിലാണ്.

നാല് സ്ലീപ്പര്‍ കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു. ഈ കോച്ചുകള്‍ക്കുള്ളിലാണ് നൂറിലേറെ പേര്‍ കുടുങ്ങിയത്. മരിച്ചവരിലേറെയും യുപി, മധ്യപ്രദേശ്, ബിഹാര്‍ സ്വദേശികളാണ്. അതേസമയം അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.