കേരളത്തില്‍ ഭീകരത വളര്‍ത്തുന്നത് ആര്‍എസ്എസും ഐഎസും; പുനഃസംഘടനയെയും അച്ചടക്കനടപടിയെയും കുറിച്ച് വിശദീകരിക്കാതെ കോടിയേരി

single-img
20 November 2016

 

kodiyeri

തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയിലെ ആദ്യ പുനസംഘടനയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പുനഃസംഘടനയെക്കുറിച്ചും പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ചും വിശദീകരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെയും ഐഎസിന്റെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് ഭീകരത വളരുകയാണെന്ന് കോടിയേരി ആരോപിച്ചു.

കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ചയെക്കുറിച്ചും പ്രവര്‍ത്തനം, സ്ത്രീകളുടെയും കുട്ടികളുടെയും പ്രാതിനിധ്യം, മെംബര്‍ഷിപ്പ് എന്നിവയെക്കുറിച്ചാണ് അദ്ദേഹം മുഖ്യമായും വിശദീകരിച്ചത്. ആര്‍എസ്എസും ഐഎസും സംസ്ഥാനത്ത് തീവ്രവാദം വളര്‍ത്തുകയാണ്. മതനിരപേക്ഷത ഉറപ്പുവരുത്താന്‍ സിപിഎം മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. ആരാധനാലയങ്ങളാണ് വര്‍ഗ്ഗീയ ശക്തികള്‍ തങ്ങളുടെ കേന്ദ്രങ്ങളാക്കിയിരിക്കുന്നത്. ഇത് തടയാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. ഓരോ പ്രദേശങ്ങളിലെയും വിശ്വാസികളെയും മതനിരപേക്ഷ വിശ്വാസികളെയും അണിനിരത്തി പാര്‍ട്ടി ഇതിനെതിരെ പ്രവര്‍ത്തിക്കും.

പാര്‍ട്ടിയിലെ പ്രവര്‍ത്തനം വിലയിരുത്തി മാത്രമേ ഇനി അംഗത്വം പുതുക്കി നല്‍കൂവെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടി അംഗത്വത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കും. 30 വയസ്സില്‍ താഴെയുള്ളവരുടെ പാര്‍ട്ടി അംഗത്വം 30 ശതമാനമാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരിയില്‍ ജില്ല കമ്മിറ്റികള്‍ വിപുലമായി ചേരും.

ആവശ്യത്തിന് ബദല്‍ സംവിധാനം ഒരുക്കാത്തതിനാലാണ് നോട്ട് പിന്‍വലിച്ചതിന് ശേഷം രാജ്യത്ത് പ്രതിസന്ധിയുണ്ടായത്. ജനങ്ങളുടെ പ്രയാസം മാറ്റാന്‍ കേന്ദ്രസര്‍ക്കാരിന് ഇനിയും സാധിച്ചിട്ടില്ല. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആര്‍എസ്എസ് ആസൂത്രിതമായി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 1.27 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ സഹകരണ ബാങ്കുകളിലുള്ളത്. സഹകരണ മേഖല സുരക്ഷിതമല്ലെന്ന് പ്രചരിപ്പിച്ച് നിക്ഷേപകരില്‍ പരിഭ്രാന്തി പരത്താനും ഈ നിക്ഷേപങ്ങളെ കോര്‍പ്പറേറ്റ് മേഖലയിലേക്ക് മാറ്റുനുമാണ് അവരുടെ ശ്രമം. ഇതിനെതിരായ പ്രക്ഷോഭത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കാന്‍ സിപിഎം ഒരുക്കമാണ്. എല്ലാവരെയും യോജിപ്പിക്കാനായില്ലെങ്കില്‍ എല്‍ഡിഎഫ് സ്വന്തം നിലയില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.

എംഎം മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച അദ്ദേഹം എന്നാല്‍ ഏതൊക്കെ വകുപ്പുകളാണ് അദ്ദേഹത്തിന് നല്‍കുകയെന്ന് വ്യക്തമാക്കിയില്ല. അതൊക്കെ മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ സീമ പരാജയപ്പെട്ടത് സംബന്ധിച്ച അച്ചടക്കനടപടിയെക്കുറിച്ചും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടതും പുറത്തു പറയേണ്ടതുമായ അച്ചടക്ക നടപടികളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.