നുരയ്ക്കുന്ന പുഴുക്കളെ പാക്കറ്റിലാക്കി നിറപറ; മായം ചേര്‍ത്തതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തിക്കുന്നത് തുടരുന്നു

single-img
20 November 2016

 

ദീപ ഇന്നലെ അതിരമ്പുഴയില്‍ നിന്നും വാങ്ങിയ നിറപറ പുട്ടുപൊടിയുടെ പാക്കറ്റ്‌

ദീപ ഇന്നലെ അതിരമ്പുഴയില്‍ നിന്നും വാങ്ങിയ നിറപറ പുട്ടുപൊടിയുടെ പാക്കറ്റ്‌

കോട്ടയം: നിറപറ പുട്ടുപൊടിയില്‍ പുഴുക്കളെ കണ്ടതായി പരാതി. എംജി സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി ദീപ പി മോഹനനാണ് നിറപറ പുട്ടുപൊടിയുടെ പാക്കറ്റില്‍ നിന്നും നുരയ്ക്കുന്ന പുഴുക്കളെ ലഭിച്ചത്. ദീപ തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം സഹിതം ഈ വാര്‍ത്ത പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്നലെ ദീപ വാങ്ങിയ പാക്കറ്റ് ഇന്ന് പൊട്ടിച്ചപ്പോഴാണ് പത്തോളം ജീവനുള്ള പുഴുക്കളെ കണ്ടത്. 38 രൂപയുള്ള അരകിലോഗ്രാമിന്റെ പുട്ടുപൊടി പാക്കറ്റില്‍ ഉല്‍പ്പാദന തിയതി ഓഗസ്റ്റ് 27 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 26 വരെ പൊടി ഉപയോഗിക്കാമെന്നും കവറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുട്ടുപൊടിക്കുള്ളില്‍ നുരയ്ക്കുന്ന പുഴുക്കള്‍

പുട്ടുപൊടിക്കുള്ളില്‍ നുരയ്ക്കുന്ന പുഴുക്കള്‍

കഴിഞ്ഞ സെപ്തംബറില്‍ മായം കലര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റുവെന്ന് ആരോപിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷന്‍ നിറപറ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ച നിറപറ ഉടമകള്‍ ഈ നിരോധനത്തിന് സ്‌റ്റേ നേടി. ഈ സ്‌റ്റേക്കെതിരെ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഹൈക്കോടതി ഡിവഷണ്‍ ബഞ്ചിനെ സമീപിച്ചിരിക്കെയാണ് പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്. പിഴ ഈടാക്കിയിട്ടും മായം ചേര്‍ത്ത ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി വിപണിയിലെത്തിക്കുന്നു എന്ന് കണ്ടെത്തിയതോടെയാണ് നിറപറയുടെ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ ഭക്ഷ്യസുരക്ഷ കമ്മിഷന്‍ തീരുമാനിച്ചത്.

എംജി സര്‍വകലാശാല സ്ഥിതി ചെയ്യുന് അതിരമ്പുഴയില്‍ നിന്നുമാണ് ദീപ പുട്ടുപൊടി വാങ്ങിയത്. ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ അലക്‌സ് കെ ഐസകിന് പരാതി നല്‍കിയതായി ദീപ അറിയിച്ചു. പുട്ടുപൊടി പൊതിഞ്ഞിരിക്കുന്ന കവറിന്റെ ഉള്‍ഭാഗം മുഴുവന്‍ പുഴു കൂടുകൂട്ടിയ അവസ്ഥയിലാണെന്നും ദീപ ഫേസ്ബുക്കിലൂടെ അറിയിച്ചു.