നോട്ട് നിരോധനം: ഗുജറാത്തില്‍ കര്‍ഷക രോഷം രൂക്ഷം; സഹകരണ ബാങ്കുകളുടെ വിലക്ക് മാറ്റിയില്ലെങ്കില്‍ അമൂലിന് പാല്‍ നല്‍കില്ലെന്ന് ക്ഷീരകര്‍ഷകര്‍

single-img
20 November 2016

 

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഗുജറാത്തിലെ സൂറത്തില്‍ പാലും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളും നശിപ്പിച്ചപ്പോള്‍

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഗുജറാത്തിലെ സൂറത്തില്‍ പാലും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളും നശിപ്പിച്ചപ്പോള്‍

സൂറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനത്തിനെതിരെ അദ്ദേഹത്തിന്റെ സംസ്ഥാനമായ ഗുജറാത്തില്‍ കര്‍ഷക രോഷം രൂക്ഷമായി. സഹകരണ ബാങ്കുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കിയില്ലെങ്കില്‍ അമുല്‍ മില്‍ക്ക് കോ-ഓപ്പറേറ്റീവിന് പാല്‍ നല്‍കില്ലെന്ന് ഗുജറാത്തിലെ ക്ഷീര കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഒരാഴ്ചയാണ് മോഡിക്ക് കര്‍ഷകര്‍ അനുവദിച്ചിരിക്കുന്ന സമയം. രാജ്യത്തെ പ്രമുഖ പാല്‍ ഉല്‍പ്പാദന സ്ഥാപനമായ അമുല്‍ സഹകരണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. നോട്ട് നിരോധനത്തിനും സഹകരണ വിലക്കിനുമെതിരെ ഇന്നലെ സൂറത്തില്‍ വന്‍കര്‍ഷക റാലി സംഘടിപ്പിച്ചിരുന്നു. നൂറ് കണക്കിന് ട്രക്കുകളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായി എത്തിയ കര്‍ഷകര്‍ അവ റോഡില്‍ തള്ളി തീയിട്ട് നശിപ്പിച്ചാണ് പ്രതിഷേധിച്ചത്.

ലിറ്റര്‍ കണക്കിന് പാലും ഒഴുക്കി കളഞ്ഞു. നോട്ട് നിരോധനത്തിന് പുറമെ സഹകരണ സ്ഥാപനങ്ങള്‍ 500, 1000 രൂപ നോട്ടുകള്‍ മാറ്റിനല്‍കുന്നത് തടയുകയും ഉപഭോക്താവിന് അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്ത ആര്‍ബിഐ നടപടിയാണ് കര്‍ഷകരെ രോഷാകുലരാക്കിയത്.

സഹകരണ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുജറാത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരെയാണ് ബാധിച്ചിരിക്കുന്നത്. ആറ് ലക്ഷം അക്കൗണ്ടുകളാണ് ഗുജറാത്തിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ കര്‍ഷകരുടേത് മാത്രമായിട്ടുള്ളത്.