ഓര്‍മ്മയില്ലേ കുത്തബ്ദിന്‍ അന്‍സാരിയെ? നോട്ട് നിരോധനത്തിലൂടെ മോഡി സൃഷ്ടിച്ച ഇരകളുടെ മറ്റൊരു പ്രതീകം ഇതാ..

single-img
20 November 2016

 

when-modi

2002ലെ ഗുജറാത്ത് കലാപത്തിന്റെ മുഴുവന്‍ യാതനയും അയാളുടെ കണ്ണുകളില്‍ പ്രതിഫലിച്ചിരുന്നു. കൈകൂപ്പിയുള്ള ആ നില്‍പ്പ് സമൂഹമാധ്യമങ്ങള്‍ ഇത്രയധികം സജീവമല്ലാതിരുന്ന അന്ന് മുഖ്യധാര മാധ്യമങ്ങളാണ് ഏറ്റെടുത്തത്. തന്റെ കുടുംബത്തെ അക്രമാസക്തരായ ജനക്കൂട്ടത്തില്‍ നിന്നും രക്ഷിക്കണമെന്ന് കുത്തബ്ദിന്‍ അന്‍സാരി സുരക്ഷാ ഉദ്യോഗസ്ഥരോട് അപേക്ഷിക്കുന്നതിന്റെ ചിത്രമായിരുന്നു അത്.

എന്നാല്‍ പിന്നീട് സമൂഹമാധ്യമങ്ങള്‍ സജീവമായപ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് കലാപത്തിലൂടെ സൃഷ്ടിച്ച ഇരകളുടെ പ്രതീകമായി അന്‍സാരി മാറിക്കഴിഞ്ഞു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വാര്‍ത്തകളിലും ലേഖനങ്ങളിലും അന്‍സാരിയുടെ ചിത്രങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടാനും തുടങ്ങി. ഗുജറാത്ത് കലാപത്തെക്കുറിച്ച് തയ്യാറാക്കപ്പെട്ട നാടകങ്ങളിലും കഥകളിലുമെല്ലാം അന്‍സാരി മുഖ്യകഥാപാത്രമായി മാറുകയും ചെയ്തു.

2002ല്‍ നിന്നും 2016ല്‍ എത്തിയപ്പോള്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി മാറിയിരിക്കുന്നു. ഈമാസം ആദ്യം അദ്ദേഹം അപ്രതീക്ഷിതമായി ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചതോടെ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ അത് വളരെ ഗുരുതരമായി തന്നെ ബാധിക്കുകയും ചെയ്തു. കള്ളപ്പണവും കള്ളനോട്ടും നിയന്ത്രിക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട് ദീര്‍ഘവീക്ഷണമില്ലാതെ എടുത്ത ഈ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ സാധാരണക്കാരെ മാത്രമാണ് ബാധിച്ചത്.

രാജ്യമെമ്പാടുമായി നിരവധി ഇരകള്‍ ഈ തീരുമാനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടു. തീരുമാനം പുറത്തുവന്ന് രണ്ട് ആഴ്ച പോലും ആകുന്നതിന് മുമ്പ് അമ്പതിലേറെ പേരാണ് ഈ തീരുമാനത്തിന്റെ ഇരകളായി മരിച്ചത്. എന്നാല്‍ ഈ ഇരകളുടെയെല്ലാം മുഖമായി ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അന്‍സാരിയെ പോലെ പേരറിയാത്ത ഈ സാധാരണക്കാരനും ഇന്ന് പ്രതീകമായി കഴിഞ്ഞു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിലൂടെ പ്രധാനമന്ത്രി സൃഷ്ടിച്ച ഇരകളുടെ പ്രതീകം.

രാജ്യത്തെ ഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചുവെന്ന് അറിഞ്ഞ് ആ നോട്ടുകളും പിടിച്ചുകൊണ്ട് ബാങ്കിന് മുന്നില്‍ നിന്ന് കരയുന്ന ഒരു സാധാരണക്കാരന്റെ ചിത്രമാണ് ഇത്. ആരുടേതെന്നോ എവിടെ നിന്നോ വ്യക്തമാകാതെയാണ് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ ഈ ചിത്രം നിലവില്‍ പ്രചരിക്കുന്നത്. ആദ്യം ട്വിറ്ററിലൂടെ പുറത്തു വന്ന ഈ ചിത്രം ഇപ്പോള്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ രാജ്യത്തെ പ്രചാരത്തിലുള്ള എല്ലാ സമൂഹമാധ്യമങ്ങള്‍ വഴിയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

അന്‍സാരിയുടെയും ഈ സാധാരണക്കാരന്റെയും ചിത്രങ്ങള്‍ യോജിപ്പിച്ചും സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. മോഡി 2002ല്‍ മുഖ്യമന്ത്രിയിയിരുന്നപ്പോള്‍ എന്ന തലക്കെട്ടിന് താഴെ അന്‍സാരിയുടെ പഴയ ചിത്രവും 2016ല്‍ മോഡി പ്രധാനമന്ത്രിയായപ്പോള്‍ എന്ന തലക്കെട്ടിന് താഴെ നോട്ടുകളും പിടിച്ചുകൊണ്ട് കരയുന്ന സാധാരണക്കാരന്റെയും ചിത്രങ്ങളാണ് പ്രചരിക്കുന്നത്.