ശത്രുക്കളുടെ ആക്രമണമുണ്ടാകുന്നതിന് മുമ്പ് അവരെ വെടിവച്ച് കൊല്ലുക; ഇന്ത്യന്‍ സൈന്യത്തിന് പ്രതിരോധമന്ത്രിയുടെ നിര്‍ദ്ദേശം

single-img
20 November 2016

 

parrikkar

പനജി: ഇന്ത്യന്‍ സൈന്യത്തിന് താന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം ആയുധധാരികളായ ശത്രുക്കള്‍ ആക്രമിക്കാന്‍ വരുന്നുണ്ടെങ്കില്‍ അവരെ ആദ്യം വെടിവച്ചു കൊല്ലണമെന്നാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇതിലൂടെ മാത്രമേ എതിരാളികള്‍ക്ക് തക്ക മറുപടി കൊടുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ ആദ്യം ശ്രദ്ധവച്ചത് അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പുവരുത്താനാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമായ കോണ്‍ഗ്രസിന് നേരെ അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. 30 വര്‍ഷം അധികാരത്തിലിരുന്നിട്ടും അഴിമതി നടത്തിയതല്ലാതെ പുതിയ യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ധൈര്യം ഇല്ലാതിരുന്നവരാണ് ഇപ്പോള്‍ ദേശീയ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എം 777 യുദ്ധപീരങ്കികള്‍ വാങ്ങാനാണ് ആദ്യം ശ്രമിച്ചത്. അരുണാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള മലയോര പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.