രാജ്യതലസ്ഥാനത്ത് വീണ്ടും നിര്‍ഭയ മോഡല്‍ അതിക്രമം; ഓടുന്ന ട്രെയിനില്‍ വച്ച് വീട്ടമ്മയെ പീഡിപ്പിച്ച് കവര്‍ച്ച നടത്തി

single-img
20 November 2016

 

nirbhaya
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും സ്ത്രീകള്‍ക്ക് നേരെ അതിക്രമം. ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ വീട്ടമ്മയെ പീഡിപ്പിച്ചു. ബീഹാര്‍ സ്വദേശിയായ 32കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷനും ഷാഹ്ദരയ്ക്കും ഇടയ്ക്ക് ഓടുന്ന ട്രെയിനിന്റെ ലേഡീസ് കോച്ചിലാണ് പീഡനമുണ്ടായതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

ബിഹാറില്‍നിന്നും ഡല്‍ഹിയിലെ ബന്ധുക്കളെ കാണാന്‍ പോവുകയായിരുന്നു യുവതി. വനിതാ കംപാര്‍ട്മെന്റില്‍ യുവതിയടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നത്. നാലുപേര്‍ ഷാഹ്ദറ റയില്‍വേ സ്റ്റേഷനെത്തിയപ്പോള്‍ ഇറങ്ങി. അവിടെനിന്നും ട്രെയിന്‍ പുറപ്പെട്ടു തുടങ്ങിയപ്പോള്‍ മൂന്നു പുരുഷന്മാര്‍ കംപാര്‍ട്മെന്റിലേക്ക് ഓടിക്കയറി. രണ്ടുപേര്‍ യുവതിയുട ബാഗ് കവര്‍ന്നെടുത്ത് രക്ഷപ്പെട്ടു. മൂന്നാമത്തെയാള്‍ യുവതിയെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു. കംപാര്‍ട്മെന്റിലെത്തിയ പൊലീസുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയെ പീഡിപ്പിച്ച ഷെഹബാസ് (25)എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.