കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം ജനങ്ങളില്‍ നിന്നും പിടിച്ചെടുത്തു; നോട്ട് നിരോധനത്തില്‍ എട്ട് ലക്ഷം കോടി രൂപയുടെ അഴിമതി നടന്നെന്നും കെജ്രിവാള്‍

single-img
20 November 2016

 

New Delhi: Delhi Chief Minister Arvind Kejriwal addresses a press conference at his residence in New Delhi on Monday.PTI Photo(PTI11_14_2016_000433B)

New Delhi: Delhi Chief Minister Arvind Kejriwal addresses a press conference at his residence in New Delhi on Monday.PTI Photo(PTI11_14_2016_000433B)

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം ജനങ്ങളില്‍ നിന്നും തിരിച്ചു പിടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധന നടപടി സ്വീകരിച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നോട്ട് നിരോധനത്തില്‍ വന്‍ അഴിമതി നടന്നെന്ന ഗുരുതരമായ ആരോപണങ്ങളാണ് കെജ്രിവാള്‍ മോഡിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

നോട്ട് അസാധുവാക്കിയത് കള്ളപ്പണം തടയാനാണെന്ന നരേന്ദ്ര മോഡിയുടെ വാദം തെറ്റാണെന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും ലഭിക്കാനുള്ള കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ ബാങ്കുകളെ സഹായിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ടുലക്ഷം കോടി രൂപയുടെ അഴിമതി ഇതിന് പിന്നില്‍ നടന്നിട്ടുണ്ടെന്നും കെജ്രിവാള്‍ ആരോപിച്ചു.

കോര്‍പ്പേറ്റുകള്‍ എടുത്ത കടം കിട്ടാക്കടമായപ്പോള്‍ അത്രയും പണം നോട്ട് അസാധുവാക്കലിലൂടെ പൊതുജനങ്ങളില്‍ നിന്നും ബാങ്കുകളിലേക്ക് പിടിച്ചെടുക്കുകയായിരുന്നു. കള്ളപ്പണക്കാരെ രക്ഷിച്ച് ജനങ്ങളെ ക്യൂവില്‍ നിര്‍ത്തിയ നടപടി തികച്ചു ദേശവിരുദ്ധമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ നടത്തിയ ലൈവ് ചോദ്യോത്തര വേളയില്‍ പറഞ്ഞു. ബിര്‍ള, സഹാറ ഗ്രൂപ്പുകളില്‍ നിന്നും മോഡി ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്നതിന്റെ ആദായനികുതി വകുപ്പിന്റെ രേഖകള്‍ സഹിതം ഞങ്ങള്‍ പുറത്തുവിട്ടിരുന്നു. പറഞ്ഞത് തെറ്റാണെങ്കില്‍ ഞങ്ങളെ ജയിലിലടയ്ക്കണം.

ആരോപണങ്ങള്‍ക്കെതിരായ മോഡിയുടെ മൗനം കുറ്റസമ്മതമാണെന്നും കെജ്രിവാള്‍ ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോഡി 20,000 കോടി ചെലവഴിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. ഇത് കള്ളപ്പണമല്ലെന്ന് മോഡിക്ക് തെളിയിക്കാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ കൈവശമാണ് ഏറ്റവുമധികം കള്ളപ്പണമുള്ളത്. ആംആദ്മി പാര്‍ട്ടിയുടെ വരവു, ചെലവ് കണക്കുകള്‍ ഞങ്ങള്‍ പരസ്യമാക്കിയിട്ടുണ്ട്. അതുപോലെ ബിജെപിയും കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറാണോയെന്നും കെജ്രിവാള്‍ ചോദിച്ചു.

കള്ളപ്പണം നിരോധിക്കാന്‍ അമ്പത് ദിവസമാണ് മോഡി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ദിവസങ്ങള്‍ക്കുള്ളില്‍ എത്രത്തോളം കള്ളപ്പണം പിടികൂടിയെന്ന് മോഡി വ്യക്തമാക്കണം. സ്വസ് ബാങ്കില്‍ നിക്ഷേപമുള്ള അറുന്നൂറിലേറെ കള്ളപ്പണക്കാരുടെ പട്ടിക പുറത്തുവിടണം. പണം തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിച്ചാല്‍ താനും മോഡിക്ക് ജയ് വിളിക്കാമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.