കാണ്‍പൂര്‍ ട്രെയിന്‍ അപകടം; മരണം 91 ആയി; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക

single-img
20 November 2016

 

train

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. 150ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്‍ഡോര്‍-പാട്‌ന എക്‌സ്പ്രസിന്റെ 14 ബോഗികളാണ് കാണ്‍പൂരിന് 100 കിലോമീറ്റര്‍ അകലെയുള്ള പുക്രയില്‍ വച്ച് പാളം തെറ്റിയത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്പതോളം പേരുടെ നില അതീവ ഗുരുതരമാണ്.

പുലര്‍ച്ചെ മൂന്ന് മണിക്കുണ്ടായ അപകടത്തുില്‍ നാല് എസി ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു. എസ്1, എസ്2 ബോഗികള്‍ക്കാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചത്. മരിച്ചവരിലേറെയും ഈ ബോഗികളില്‍ യാത്ര ചെയ്തവരാണ്. പാളം തെറ്റിയ ട്രെയിനുള്ളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും വര്‍ദ്ധിച്ചേക്കാമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഗ്ലാസ് കട്ടറും മറ്റും ഉപയോഗിച്ച് ബോഗികള്‍ മുറിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ദുരന്തനിവാരണ സേനയും പോലീസുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം അപകട സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഈ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം നിയന്ത്രണ വിധേയമാക്കിയിരിക്കുകയാണ്.

മരിച്ചവരുടെ കുടുംബത്തിന് 3.5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്ന് റെയില്‍വേ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതേസമയം അപകട കാരണം വ്യക്തമായിട്ടില്ലെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി റെയില്‍വേ മന്ത്രിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കിയിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേന രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതായി സ്ഥലത്തേക്ക് തിരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപകടത്തില്‍ പരിക്കേല്‍ക്കത്തവര്‍ക്ക് യാത്രസൗകര്യത്തിനായി ബസുകള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍:

ഇന്‍ഡോര്‍- 0741 1072
ഉജ്ജെയ്ന്‍- 0734 2560906
രത്‌ലം- 07412 1072
ഉറൈ- 05162 1072
ഝാന്‍സി- 0510 1072
പൊക്രായ- 0511 3270239

അഡീഷണല്‍ ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍

പിഎന്‍ബിഇ- 0612 2202290
0612 2202291
0612 2202292
റെയില്‍വേ- 025 83288
എംജിഎസ്- 05412 251258
എച്ച്‌ജെപി- 06224 272230