കണ്ടെയ്‌നറില്‍ വന്ന കള്ളപ്പണം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നവര്‍ കണ്ടുപിടിക്കട്ടേ: രാജശേഖരന് തോമസ് ഐസക്കിന്റെ മറുപടി

single-img
19 November 2016

thomas-isaac1

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് രണ്ട് കണ്ടെയ്‌നറില്‍ നിറയെ കള്ളപ്പണം വന്നെന്ന ബിജെപിയുടെ ആരോപണത്തില്‍ വെല്ലുവിളിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നവര്‍ ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തട്ടെയെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഏത് അന്വേഷണത്തെയും സിപിഎം സ്വാഗതം ചെയ്യുന്നുവെന്നും കള്ളപ്പണമില്ലാത്തതിനാല്‍ തന്നെ സിപിഎമ്മിനും കള്ളപ്പണത്തെ ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ കേരളത്തില്‍ ഉടലെടുത്തു പ്രക്ഷോഭത്തെ തുടര്‍ന്നാണ് കണ്ടെയ്‌നര്‍ കള്ളപ്പണ ആരോപണം ബിജെപി വീണ്ടും ഉന്നയിച്ചത്. കേരളത്തില്‍ ആയിരം കോടിയിലേറെ കള്ളപ്പണമുണ്ടെന്നും കൊച്ചി തുറമുഖത്ത് എത്തിയ രണ്ട് കണ്ടെയ്‌നര്‍ കള്ളപ്പണം എവിടെ പോയെന്ന് ആര്‍ക്കും ഉത്തരമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചിരുന്നു.

വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉദ്ദരിച്ചാണ് രാജശേഖരന്‍ ആരോപണം ഉന്നയിച്ചത്.