ഒന്നാം സ്ഥാനത്തിനായി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; മുംബൈ സിറ്റി എഫ്‌സിയുമായുള്ള മത്സരം വൈകിട്ട് ഏഴിന്

single-img
19 November 2016

 

kerala-blasters-2015-cl

മുംബൈ: കഴിഞ്ഞ കളിയിലെ ആത്മവിശ്വാസത്തോടെ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ അവരുടെ തട്ടകത്തില്‍ നേരിടും. രാത്രി ഏഴ് മുതലാണ് മത്സരം. ഗോവയ്ക്കും ചെന്നൈയിനുമെതിരെ നേടിയ തുടര്‍ ജയങ്ങളോടെ 10 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റോടെ കേരള ബ്‌ളാസ്റ്റേഴ്‌സ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

ഇന്ന് ജയിച്ചാല്‍ മഞ്ഞപ്പടയ്ക്ക് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം. കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴാണു പെര്‍ഫെക്ട് ഇലവനായത്. ലോകകപ്പ് യോഗ്യതാ മല്‍സരത്തിനുപോയ മാര്‍ക്വി താരം ആരോണ്‍ ഹ്യൂസ് മടങ്ങിയെത്തി. ഹ്യൂസ് ഇല്ലാതിരുന്ന സമയത്തു ടീമിനൊപ്പം ചേര്‍ന്ന ബംഗളൂരു എഫ്‌സി താരങ്ങളായ സികെ വിനീതും റിനോ ആന്റോയും മികച്ച ഫോമിലും. സികെ വിനീതിനൊപ്പം മുഹമ്മദ് റാഫിയും കാഡിയോയും ഇറങ്ങിയേക്കും. ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ജയിച്ച കഴിഞ്ഞ മല്‍സരത്തിലെ മുന്‍നിര കോംബിനേഷനില്‍ കോച്ച് സ്റ്റീവ് കോപ്പലിനു പ്രതീക്ഷയുണ്ട്.

പരുക്കേറ്റ ബെല്‍ഫോര്‍ട്ടിനു പകരം അന്റോണിയോ ജര്‍മെയ്ന്‍ ആദ്യ ഇലവനിലെത്തും. എന്നാല്‍ മുംബൈയും ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ മത്സരങ്ങളില്‍ നിറം മങ്ങിയെങ്കിലും വമ്പന്‍ താരങ്ങളുടെ സംഘമായ മുംബൈ ഏറെ അപകടകാരികളാണ്. ഹോം ഗ്രൗണ്ടില്‍ മോശം റെക്കോര്‍ഡാണെങ്കിലും അവരെ എഴുതിതള്ളാനാകില്ല. ഫോര്‍ലാനെ പോലുള്ള സൂപ്പര്‍താരങ്ങളുടെ സാന്നിദ്ധ്യം ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുള്ള മുംബൈ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്.

ഇന്നത്തെ മത്സരത്തില്‍ ജയിച്ച് ഒന്നാം സ്ഥാനത്തെത്താനാണ് മുംബൈയുടെ ശ്രമം. ഇന്നു ജയിച്ച് പ്ലേ ഓഫ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇരുടീമുകളും കളത്തിലിറങ്ങുമ്പോള്‍ മികച്ച പോരാട്ടത്തിനാകും സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.