നുണപരിശോധന കഴിഞ്ഞു; കലാഭവന്‍ മണിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല

single-img
19 November 2016

 

mani-0

തൃശ്ശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ നുണപരിശോധനാഫലം പോലീസിന് ലഭിച്ചു. നുണപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

മണിയുടെ മാനേജര്‍, ഡ്രൈവര്‍, സഹായികള്‍ തുടങ്ങി ആറ് പേരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. പോലീസിന് നല്‍കിയ മൊഴി തന്നെ നുണപരിശോധനയിലും അവര്‍ ആവര്‍ത്തിച്ചു. നുണ പരിശോധനയില്‍ കേസ് അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതിയിരുന്നത്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലീസിന് അന്വേഷണത്തിന് പുതിയ വഴികള്‍ തേടേണ്ടിവരും.

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ അടക്കമുള്ള ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ടത്. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു.

ഹൈദരാബാദിലെ കേന്ദ്ര ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ അപകടകരമായ അളവില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ മണിയുടെ ശരീരത്തില്‍ വ്യാജമദ്യം എത്തിയിരുന്നോ എന്ന അന്വേഷണം പോലീസ് നടത്തി. എന്നാല്‍, മണി വ്യാജമദ്യം കഴിച്ചു എന്ന തരത്തിലുള്ള മൊഴികളൊന്നും ലഭിച്ചില്ല. മൊഴികള്‍ സത്യമാണോ എന്ന് കണ്ടെത്താനാണ് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ അനുതിയോടെ തിരുവനന്തപുരത്ത് നുണ പരിശോധന നടത്തിയത്.