നോട്ട് നിരോധനത്തില്‍ പാളിച്ച: ബിജെപിക്കുള്ളില്‍ കലാപം; എംപിമാരുടെ രണ്ട് യോഗങ്ങളും റദ്ദാക്കി

single-img
19 November 2016

 

amit-shah

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിലുണ്ടായ പാളിച്ചയില്‍ ബിജെപിക്കുള്ളിലും കലാപം ശക്തമായെന്ന് സൂചന. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ചേരാനിരുന്ന എംപിമാരുടെ രണ്ട് യോഗങ്ങളാണ് ഇതേത്തുടര്‍ന്ന് റദ്ദാക്കിയത്.

പാര്‍ലമെന്റിന്റെ ശീതകാലം സമ്മേളനം തുടങ്ങാനിരുന്ന ബുധനാഴ്ചയാണ് ആദ്യ യോഗം തീരുമാനിച്ചിരുന്നത്. ഇന്നലെ രണ്ടാമത്തെ യോഗവും നിശ്ചയിച്ചിരുന്നു. എന്നാല്‍ കാരണങ്ങളൊന്നും അറിയിക്കാതെ ഈ രണ്ട് യോഗങ്ങളും റദ്ദാക്കുകയായിരുന്നു. നോട്ട് നിരോധനത്തില്‍ എതിര്‍ സ്വരങ്ങള്‍ ശക്തമാകുന്നുവെന്ന ഭയത്തിലാണ് യോഗങ്ങള്‍ റദ്ദാക്കിയതെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ സംസാരമുണ്ട്.

വെള്ളിയാഴ്ചത്തെ യോഗം കുറച്ചു ദിവസം മുമ്പ് തീരുമാനിച്ചിരുന്നതാണെന്ന് ലോക്‌സഭയിലെ ഒരു ബിജെപി അംഗം പറയുന്നു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ ന്യായീകരിക്കാനാണ് ഈ യോഗമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ യോഗം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അടുത്ത ആഴ്ചയിലേക്ക് യോഗം മാറ്റുകയായിരുന്നു.

നവംബര്‍ 16ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേരാനിരുന്ന യോഗവും റദ്ദാക്കി. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ആരംഭിക്കുന്നതിന് തലേദിവസം ഏഴ് മണിക്ക് യോഗം ചേരാനായിരുന്നു തീരുമാനം. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു ഈ യോഗത്തിന്റെ ലക്ഷ്യം. എന്നാല്‍ വൈകുന്നേരം നാല് മണിയോടെ യോഗം റദ്ദാക്കിയതായി അറിയിപ്പ് ലഭിക്കുകയായിരുന്നെന്ന് ഒരു പാര്‍ട്ടി എം പി അറിയിച്ചു.

നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ച് ബിജെപി എംപി വിതാല്‍ റദാദിയ രംഗത്തെത്തിയിരുന്നു. തീരുമാനത്തിലെ പാളിച്ചകള്‍ എത്രയും വേഗം പരിഹരിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം ഇത് കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം ആരംഭിച്ചപ്പോള്‍ മുതല്‍ ഈ വിഷയത്തില്‍ സഭയില്‍ ബഹളം നടക്കുകയാണ്.