കെ ബാബുവില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണം; ഉറവിടം വെളിപ്പെടുത്തിയില്ലെന്ന് വിജിലന്‍സ്; ബില്ലുകള്‍ ഹാജരാക്കാന്‍ ബന്ധുക്കള്‍ക്ക് സാധിച്ചിട്ടില്ല

single-img
19 November 2016

 

babu

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ ലോക്കറുകളില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ അദ്ദേഹത്തിന സാധിച്ചില്ലെന്ന് വിജിലന്‍സ്. നിരവധി തവണ ചോദ്യം ചെയ്തിട്ടും സ്വര്‍ണം വാങ്ങിയതിന്റെ ബില്ലുകള്‍ ഹാജരാക്കാന്‍ പോലും ബാബുവിനും ബന്ധുക്കള്‍ക്കും സാധിച്ചില്ല.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിന്റെയും മക്കളുടെയും കൊച്ചിയിലെ വിവിധ ബാങ്ക് ലോക്കറുകളിലും നടന്ന വിജിലന്‍സ് റെയ്ഡിലാണ് 200 പവന്‍ സ്വര്‍ണം കണ്ടെത്തിയത്. വിജിലന്‍സ് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണം മുഴുവന്‍ നല്‍കിയത് മക്കളുടെ ഭര്‍തൃ വീട്ടുകാരാണെന്നായിരുന്നു ബാബു മൊഴി നല്‍കിയത്. മൂത്തമകള്‍ ആതിരയ്ക്ക് 32 പവനും ഇളയമകള്‍ ഐശ്വര്യയ്ക്ക് നൂറ് പവനും കല്യാണ സമയത്ത് നല്‍കിയെന്നായിരുന്നു ബാബുവിന്റെ മൊഴി.

മക്കളുടെ ഭര്‍തൃ വീട്ടുകാരില്‍ നിന്നും വിജിലന്‍സ് ഇതിന്റെ അടിസ്ഥാനത്തില്‍ പല തവണ മൊഴിയെടുത്തിരുന്നു. സ്വര്‍ണം നല്‍കിയെന്ന് ഇവര്‍ സമ്മതിച്ചെങ്കിലും അവ വാങ്ങിയതിന്റെ രേഖകള്‍ ഹാജരാക്കാനായില്ല. എത്രയും വേഗം രേഖകള്‍ ഹാജരാക്കണമെന്നാണ് ഇപ്പോള്‍ വിജിലന്‍സിന്റെ അന്ത്യശാസനം. ബാബുവിന്റെ മകളുടെ ഭര്‍തൃവീട്ടുകാര്‍ തേനിയില്‍ ഭൂമി വാങ്ങിയതിന്റെ രേഖകള്‍ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വകുപ്പ് വിജിലന്‍സിന് കൈമാറി.

ഏഴുപത് ഏക്കര്‍ ഭൂമി വാങ്ങിയതിന്റെ രേഖകളാണ് കൈമാറിയത്. ഐശ്വര്യയുടെ ഭര്‍തൃപിതാവ് എംഎന്‍ ബാബു, സുഹൃത്ത് പി എ ബേബി, ഭാര്യ എന്നിവരുടെ പേരിലാണ് ഭൂമി. ഇതിനായി ബേബി ബാങ്കില്‍ നിന്നും ലോണ്‍ എടുത്തതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ എം എന്‍ ബാബുവിന്റെ സ്രോതസ് സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം ഭൂമിയിടപാടില്‍ ബാബുവിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇതേവരെ ലഭിച്ചിട്ടില്ല.