സഹകരണ സമരത്തില്‍ സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ്; ഇടതുപക്ഷത്തോടൊപ്പം സമരത്തിനില്ലെന്ന് സുധീരന്‍; സിപിഎം സമരം തട്ടിപ്പെന്ന് ഹസന്‍

single-img
19 November 2016

 

sudheeran

സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരെ ഭരണ-പ്രതിപക്ഷ ഐക്യമുണ്ടാകില്ലെന്ന് വ്യക്തമായി. സഹകരണ ബാങ്ക് വിഷയത്തില്‍ സംയുക്ത സമരത്തിനില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കി. സമാനമായ സമരവുമായി കോണ്‍ഗ്രസും മുന്നോട്ട് പോകുമെങ്കിലും കേരളത്തിലല്ല, ഡല്‍ഹിയിലായിരിക്കും അത് സംഘടിപ്പികകുകയെന്നും സുധീരന്‍ വ്യക്തമാക്കി.

സഹകരണ ബാങ്കുകള്‍ക്കെതിരെ ബിജെപിയുടെ ശൈലിയില്‍ സിപിഎം പെരുമാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതികളെ അട്ടിമറിക്കാന്‍ സിപിഎം കൂട്ടുനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സഹകരണ ബാങ്കില്‍ കള്ളപ്പണമുണ്ടെന്ന ബിജെപിയുടെയും പിബി അംഗം മുഹമ്മദ് സലീമിന്റെയും ആരോപണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ജനജീവിതത്തെ ബാധിച്ച സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് സമരം നടത്തുന്നതില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും എ, ഐ ഗ്രൂപ്പുകളിലെ ഒരു വിഭാഗം നേതാക്കളുമാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. സിപിഎമ്മിന്റെ സമരം തട്ടിപ്പാണെന്ന് എംഎം ഹസന്‍ ആരോപിച്ചു. സഹകരണ ബാങ്കുകള്‍ക്കെതിരെ സിപിഎം എംപിയും പിബി അംഗവുമായ ആള്‍ കേന്ദ്രത്തെ സമീപിച്ചതില്‍ നിന്നും ഇരട്ടത്താപ്പ് വ്യക്തമാണ്.

മുഹമ്മദ് സലീം ആരോപണം ഉന്നയിക്കുക മാത്രമായിരുന്നില്ല. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് രേഖാമൂലം പരാതി നല്‍കുകയുമായിരുന്നു. ഇപ്പോള്‍ പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നതിനുള്ള അവകാശം സഹകരണ ബാങ്കുകള്‍ക്ക് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഈ കത്താണ് ഉയര്‍ത്തിക്കാട്ടുന്നത്. റിസര്‍വ് ബാങ്കിന് മുന്നിലെ സമരത്തില്‍ സിപിഎമ്മിന് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുഹമ്മദ് സലീമിനെ പിബിയില്‍ നിന്നും പുറത്താക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.