വിജയ് മല്യയുടേതുള്‍പ്പെടെ 63 പേരുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്ന വാര്‍ത്ത നിഷേധിച്ച് എസ്ബിഐ മേധാവി രംഗത്ത്

single-img
19 November 2016

INDIA-ECONOMY-BANKING
വിജയ് മല്യയുടേതുള്‍പ്പെടെ 63 പേരുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്ന വാര്‍ത്ത നിഷേധിച്ച് എസ്ബിഐ മേധാവി രംഗത്ത്

ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുടേതുള്‍പ്പെടെ 63 പേരുടെ കിട്ടാക്കടം എസ്ബിഐ എഴുതിത്തള്ളിയെന്ന വാര്‍ത്ത നിഷേധിച്ച് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ രംഗത്ത്. വിജയ് മല്യയുടെ കടം എഴുതിത്തള്ളുന്നതിനെ കുറിച്ച് യാതൊരു ആലോചനയും നടന്നിട്ടില്ലെന്ന് അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി.

വിഷയത്തില്‍ മാധ്യമങ്ങളെ അവര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ചില മാധ്യമങ്ങള്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത നല്‍കുകയായിരുന്നെന്ന് അരുന്ധതി ഭട്ടാചാര്യ വിമര്‍ശിച്ചു. ഇത് ഞങ്ങള്‍ക്ക് സമൂഹത്തിനിടയില്‍ ചീത്തപ്പേരുണ്ടാക്കി. ബാങ്കിന്റേത് ബാലന്‍സ് ഷീറ്റ് ക്രമീകരിക്കാനുള്ള നടപടി മാത്രമായിരുന്നെന്ന് അവര്‍ വ്യക്തമാക്കി. പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നത് കടം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

തിരിച്ചടവുകളുടെ റിപ്പോര്‍ട്ട് പ്രതിമാസ നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മല്യയുടേതടക്കം 63 പേരുടെ 7000 കോടിയോളം കിട്ടാക്കടം എസ്ബിഐ എഴുതിത്തള്ളിയെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതില്‍ വിജയ് മല്യയുടെ 1,200 കോടിയും ഉള്‍പ്പെട്ടിരുന്നു. ഇത് നിഷേധിച്ച് കേന്ദ്രധനമന്ത്രി അന്നുതന്നെ രംഗത്ത് വന്നു. എഴുതിത്തള്ളുകയല്ല നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയാണ് ചെയ്തതെന്ന് രാജ്യസഭയില്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.