മഹാരാഷ്ട്രയില്‍ ബിജെപി മന്ത്രിയുടെ വാഹനത്തില്‍ നിന്നും 91.5 ലക്ഷം രൂപ പിടികൂടി

single-img
18 November 2016

subhash

മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നും 91.5 ലക്ഷം രൂപ പിടികൂടി. ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള ലോക് മംഗള്‍ ബാങ്കിന്റെ കാറില്‍ നിന്നാണ് ഇത്രയും പണം പിടികൂടിയത്.നിരോധിക്കപ്പെട്ട 1000 ന്റെയും 500 ന്റെയും നോട്ടിന്റെ കെട്ടുകള്‍ ഇതിലുണ്ടായിരുന്നു.

മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയതെന്നാണ് വിവരം. ലോക് മംഗലിന്റെ ഒരു ജീവനക്കാരനും കാറിലുണ്ടായിരുന്നു. പണം ലോക് മംഗല്‍ ബാങ്കിന്റേതാണെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തന്റെ പഞ്ചസാര ഫാക്ടറിയിലെ ജീവനക്കാര്‍ക്ക് കൂലി കൊടുക്കാന്‍ കൊണ്ടുപോയതാണെന്നാണ് ദേശ്മുഖിന്റെ വാദം.
ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയില്‍ ബി.ജെ.പി എം.എല്‍.എയുടെ സഹോദരനില്‍ നിന്നും 6 കോടി രൂപ പിടിച്ചെടുത്തിരുന്നു.സംഭവത്തില്‍ മന്ത്രിക്കെതിരെ കോണ്‍ഗ്രസ്, എന്‍.സി.പി കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി നേതാക്കളുടെ വീടുകളില്‍ മുഴുവന്‍ കള്ളപ്പണം നിറച്ചു വെച്ചിരിക്കുകയാണെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക്ക് പറഞ്ഞു.

അനധികൃതമായി ധനവിനിയോഗം നടത്തിയതിന് നേരത്തെ് സെബിയും ലോക്മംഗലിനെ നിരീക്ഷണത്തില്‍ ആക്കിയിരുന്നു.