സിപിഐഎം നേതാവ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങി;മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് സിറ്റിപൊലീസ് കമ്മീഷണര്‍ ഓഫിസില്‍ എത്തി

single-img
17 November 2016

sakkirhussain
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി സിപിഐഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങി. രാവിലെ 8 മണിക്ക്
സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് സക്കീര്‍ കീഴടങ്ങിയത്. രണ്ടുദിവസമായി സക്കീര്‍ കീഴടങ്ങുമെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും കണ്ണുവെട്ടിച്ചാണ് സക്കീര്‍ കമ്മീഷണര്‍ ഓഫിസില്‍ കീഴടങ്ങിയത്. കമ്മീഷണറോഫീസിന് മുന്നില്‍ രാവിലെ മുതല്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സക്കീറിനെ കാണുവാനോ, ദൃശ്യങ്ങള്‍ പകര്‍ത്തുവാനോ സാധിച്ചില്ല.സക്കീറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിക്കരുതെന്ന് സക്കീര്‍ ആവശ്യപ്പെട്ടു.
സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് കളമശേരിയിലെ ഏരിയ കമ്മിറ്റി ഓഫിസില്‍ സക്കീര്‍ എത്തിയതും വിവാദമായിരുന്നു.വിവരമറിഞ്ഞെത്തിയ പൊലീസിനു പക്ഷേ, ഉന്നതങ്ങളില്‍നിന്നുള്ള അനുമതി ലഭിക്കാത്തതിനാല്‍ അറസ്റ്റ് ചെയ്യാനായിരുന്നില്ല.തുടര്‍ന്ന് സക്കീര്‍ കീഴടങ്ങണമെന്ന് നിര്‍ദേശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

ഡയറിഫാം വ്യവസായിയായ തൃക്കാക്കര സ്വദേശിനി ഷീല തോമസുമായുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു കാക്കനാട് സ്വദേശിയായ വ്യവസായി ജൂബ് പൗലോസ് നല്‍കിയ പരാതിയിലാണു സക്കീര്‍ ഹുസൈനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്..വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീര്‍ ഹുസൈനെ സിപിഐഎം മാറ്റിയിരുന്നു. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീമിനെ സിപിഐഎം നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.